കണ്ണൂർ: തെളിവുകളുടെ അഭാവത്തിൽ തന്‍റെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഒരു അന്വേഷണ ഏജൻസിക്കും ഒന്നും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രവീന്ദ്രനെതിരെ ഒരു തെളിവുമില്ല. കോവിഡ് വന്നാൽ ചികിത്സ തേടണം. അത് ന്യായമായ കാര്യമാണ്. രവീന്ദ്രൻ തെളിവെടുപ്പിന് ഹാജരാകുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഒഞ്ചിയത്ത് ഞങ്ങളുമായി തെറ്റിപ്പിരിഞ്ഞ ചിലർക്ക് വലിയ രാഷ്ട്രീയ വൈരാഗ്യമുണ്ട്. ആ വൈരാഗ്യം വെച്ചാണ് രവീന്ദ്രനെതിരായ ആരോപണങ്ങൾ. കാണുന്ന കെട്ടിടങ്ങളെല്ലാം രവീന്ദ്രന്‍റേതാണെന്ന് പറയുന്നു. അവിടെയെല്ലാം പോയി അന്വേഷിച്ചല്ലോ. എന്ത് തെളിവ് കിട്ടിയെന്ന് പറയട്ടെ.
രവീന്ദ്രന് ഇക്കാര്യത്തിലൊന്നും ഭയമില്ല. കോവിഡ് വന്നാൽ ആവശ്യമായ കരുതലെടുക്കണം. ചികിത്സിക്കേണ്ട എന്നാണോ പറയുന്നത്. രവീന്ദ്രൻ അന്വേഷണ ഏജൻസികൾക്ക് മുമ്പാകെ ഹാജരാകും. എന്നാൽ, തെളിവുകളുടെ അടിസ്ഥാനത്തിൽ രവീന്ദ്രനെ ഒന്നും ചെയ്യാനാവില്ലെന്ന പൂർണ വിശ്വാസം തനിക്കുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.