നൂഹ് വംശഹത്യ: വസ്തുതാന്വേഷണ റിപ്പോർട്ട് പ്രകാശനം
text_fields‘നൂഹ് വംശഹത്യ: ഹിന്ദുത്വ ഭരണകൂടത്തിന്റെ വംശീയ ഉന്മൂലന ശ്രമങ്ങൾ’ വസ്തുതാന്വേഷണ റിപ്പോർട്ട് കണ്ണൂരിൽ മീർ ഫൈസൽ പ്രകാശനം ചെയ്യുന്നു
കണ്ണൂർ: സംഘ്പരിവാരും ഭരണകൂടവും ഹരിയാനയിലെ മുസ്‌ലിം ജനവിഭാഗത്തിനെതിരെ നടത്തിയ വംശഹത്യ റിപ്പോർട്ട് ‘നൂഹ് വംശഹത്യ: ഹിന്ദുത്വ ഭരണകൂടത്തിന്റെ വംശീയ ഉന്മൂലന ശ്രമങ്ങൾ’ ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ പ്രകാശനം ചെയ്തു. യുവ മാധ്യമപ്രവർത്തകൻ മീർ ഫൈസൽ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഹിന്ദുത്വവും ഹരിയാന ഭരണകൂടവും മുൻകൂട്ടി ആസൂത്രണംചെയ്ത മുസ്‌ലിം വംശഹത്യ പദ്ധതിയുടെ ഭാഗമായി നിരന്തരമായി കണ്ണിചേർക്കപ്പെടുന്ന സംഭവങ്ങളിൽ ഒന്നാണ് നൂഹ് വംശഹത്യയെന്ന് അദ്ദേഹം പറഞ്ഞു.
‘കാമ്പയിൻ എഗൻസ്റ്റ് സ്റ്റേറ്റ് റിപ്രഷൻ’ വസ്തുതാന്വേഷണ സംഘമാണ് ഹരിയാനയിലെ നൂഹ് ജില്ലയിലെ മുസ്‌ലിം വംശീയാക്രമണവുമായി ബന്ധപ്പെട്ട് കലാപബാധിത പ്രദേശങ്ങളിൽ സമഗ്ര പഠനം നടത്തി റിപ്പോർട്ട് തയാറാക്കിയത്. ഡോ. ജെന്നി റൊവീന, അഡ്വ. വികാസ് അത്രി, മാധ്യമപ്രവർത്തകൻ ഉദയ് ഛെ, കർഷകനേതാവ് കുൽദീപ് പൂന്യ, ഫ്രറ്റേണിറ്റി മൂവ്മെന്റ് ഡൽഹി യൂനിവേഴ്സിറ്റി നേതാക്കളായ നവാർ ഇലാഫ്, സയ്യിദ് ഖുതുബ് തുടങ്ങി 12 അംഗ സംഘമാണ് പഠനം നടത്തിയത്.
ആസൂത്രിതമായ ഇത്തരം മുസ്‍ലിംവിരുദ്ധ ആക്രമണങ്ങളിൽ നിരവധി കച്ചവടസ്ഥാപനങ്ങൾ ബുൾഡോസ് ചെയ്യപ്പെടുകയും നൂറു കണക്കിന് യുവാക്കളെ കാണാതാവുകയും അന്യായമായി തടവിലാക്കപ്പെടുകയും സ്ത്രീകൾ ഉൾപ്പെടെ പൊലീസ് അതിക്രമത്തിനിരയാവുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് നഈം ഗഫൂർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ വൈസ് പ്രസിഡന്റ് പി.കെ. നുജൈം, മക്തൂബ് മീഡിയ എഡിറ്റർ അസ്‍ലഹ് വടകര, കാമ്പയിൻ എഗൻസ്റ്റ് സ്റ്റേറ്റ് റിപ്രഷൻ പ്രതിനിധി സയ്യിദ് ഖുതുബ് എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല പ്രസിഡന്റ് സൽമാനുൽ ഫാരിസി സ്വാഗതവും സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുറഹീം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

