തിരുവല്ല: സഞ്ചാരയോഗ്യമായ വഴിയില്ലാത്തതിനാൽ വയോധികന്റെ മൃതദേഹം വീട്ടിലെത്തിക്കാനാവാതെ ബന്ധുക്കൾ വലയുന്നു. തിരുവല്ലയിലെ നിരണത്ത് മുളമൂട്ടിൽ എം.കെ.എബ്രഹാമിന്റെ മൃതദേഹമാണ് അന്ത്യ വിശ്രമം കാത്ത് കഴിഞ്ഞ രണ്ട് ദിവസമായി മോർച്ചറിയിൽ കിടക്കുന്നത്.
20 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ കോടതിയിൽ നിന്ന് അനുവദിച്ച വഴി അയൽവാസി സഞ്ചാര യോഗ്യമാക്കി നൽകാത്തതാണ് ദയനീയ അവസ്ഥക്ക് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.
അയൽവാസിയായ മാലിപ്പുറത്ത് കെ.വി.വർഗീസും എബ്രഹാമും തമ്മിൽ വഴിയെ ചൊല്ലി കഴിഞ്ഞ 20 വർഷമായി കേസ് നിലനിന്നിരുന്നു. എബ്രഹാമിന് മൂന്നേ മുക്കാൽ അടി വഴി അനുവദിച്ച് ഒരു വർഷം മുമ്പ് കേസ് തീർപ്പായി. എന്നാൽ, വഴിയിലെ മരങ്ങൾ മുറിച്ചു നീക്കാൻ അയൽവാസിയായ വർഗിസ് തയാറായില്ല എന്നാണ് എബ്രഹാമിന്റ ബന്ധുക്കളുടെ പരാതി.