‘പി.എം ശ്രീ’ വേണ്ട; തുടർനടപടി ചർച്ച ചെയ്യാൻ വിദ്യാഭ്യാസ കൺവെൻഷൻ വിളിക്കും
text_fieldsതിരുവനന്തപുരം: പി.എം ശ്രീ പദ്ധതി കേരളത്തിന് വേണ്ടെന്നും സമഗ്രശിക്ഷാ പദ്ധതിയിൽ തടഞ്ഞുവെച്ച 1148 കോടി രൂപ അടിയന്തരമായി കേന്ദ്രം വിട്ടുതരണമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തുടർനടപടി ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൺവെൻഷൻ വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാറുമായി ഏറ്റുമുട്ടൽ വേണ്ടെന്ന വിലയിരുത്തലിലാണ് ഫണ്ട് തടഞ്ഞതിനെതിരെ സുപ്രീംകോടതിയിൽ പോകാതിരുന്നതെന്നും മന്ത്രി വിശദീകരിച്ചു. പി.എം ശ്രീ പദ്ധതി വഴി ലക്ഷ്യമിടുന്ന നേട്ടങ്ങൾ ഏറെക്കുറെ ഇതിനകം കേരളത്തിലെ സ്കൂളുകൾ ആർജിച്ചവയാണ്. പി.എം ശ്രീ വഴി ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
പി.എം ശ്രീയിൽ ഒപ്പിടാത്തതിന്റെ പേരിൽ സമഗ്രശിക്ഷ പദ്ധതിവഴി അനുവദിക്കേണ്ട ഫണ്ട് തടഞ്ഞുവെച്ചത് അന്യായമാണ്. 2024-25 വർഷത്തിൽ സമഗ്രശിക്ഷാ വഴി 27,833 കോടി രൂപയാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയത്. ഉത്തർപ്രദേശിന് 4487 കോടിയും ഗുജറാത്തിന് 847 കോടിയും ഝാർഖണ്ഡിന് 1073 കോടിയും കഴിഞ്ഞ സാമ്പത്തിക വർഷം കേന്ദ്രം നൽകി എന്നാൽ കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് ഒരു രൂപ പോലും നൽകിയിട്ടില്ല.
കുടിശ്ശിക ഉൾപ്പെടെ കേരളത്തിന് 1148 കോടി ലഭിക്കാനുണ്ട്. കേന്ദ്രം ഫണ്ട് തടഞ്ഞതോടെ സമഗ്രശിക്ഷ വഴിയുള്ള വിദ്യാർഥികൾക്കുള്ള യൂനിഫോം, പാഠപുസ്തകം, ഹോസ്റ്റലുകൾ എന്നിവയ്ക്കുള്ള ചെലവും സംസ്ഥാന സർക്കാറാണ് ഇപ്പോൾ നടത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ബി.ജെ.പി നേതൃത്വം കൂടി അറിഞ്ഞാണ് കേന്ദ്രത്തിന്റെ ഫണ്ട് തടയലെന്നും സംസ്ഥാന സർക്കാറിനെ സാമ്പത്തികമായി ശ്വാസംമുട്ടിക്കാമെന്നാണ് കേന്ദ്രസർക്കാർ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

