വ്യക്തിപൂജ വേണ്ട, ഫ്ലക്സുകൾ നീക്കം ചെയ്യണം; പരസ്യ വിമർശനങ്ങളിൽ വിയോജിപ്പുമായി പി. ജയരാജൻ
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തന്റെ ചിത്രം വെച്ച് ബോർഡുകൾ പ്രത്യക്ഷപ്പെട്ടതിലും സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യക്തികേന്ദ്രീകൃത പ്രചരണങ്ങളിലും കടുത്ത വിയോജിപ്പുമായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ. പരാജയത്തിൽ നിരാശരായവർ വികാരപരമായി പ്രതികരിക്കുന്നത് കമ്മ്യൂണിസ്റ്റ് സംഘടനാരീതിക്ക് ചേർന്നതല്ലെന്നും തന്റെ ചിത്രം വെച്ചുള്ള ബോർഡുകൾ ഉടൻ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രതിസന്ധിയിലായപ്പോൾ ‘ഇന്ദിരയെ വിളിക്കൂ, സോണിയയെ വിളിക്കൂ’ എന്ന മുദ്രാവാക്യം ഉയർത്തിയത് അവരുടെ സംസ്കാരമാണെന്നും എന്നാൽ നിലവിലുള്ള മുതലാളിത്ത വ്യവസ്ഥയെ മാറ്റിത്തീർക്കാൻ ശ്രമിക്കുന്ന വിപ്ലവ പ്രസ്ഥാനമായ സി.പി.എമ്മിന് ഇത്തരം വ്യക്തിപൂജകൾ അന്യമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പാർട്ടി നേതൃത്വം അതീവ ഗൗരവമായ പരിശോധന നടത്തുമെന്നും വസ്തുനിഷ്ഠമായ വിലയിരുത്തലുകൾക്ക് പിന്നാലെ ആവശ്യമായ തിരുത്തൽ നടപടികൾ വരുമെന്നും ജയരാജൻ പറഞ്ഞു. അത്തരമൊരു തിരുത്തൽ പ്രക്രിയയെ സഹായിക്കാത്ത നിലപാടാണ് ചിലർ കൈക്കൊള്ളുന്നത്. പരാജയത്തിന് ഉത്തരവാദികളാണെന്ന് തങ്ങൾ കരുതുന്ന ചില നേതാക്കളെ ലക്ഷ്യം വെച്ച് പരസ്യ വിമർശനം നടത്തുന്നതും തന്നെ പ്രകീർത്തിച്ച് മറ്റുള്ളവരെ ഇകഴ്ത്തുന്നതും വലതുപക്ഷത്തിന് പാർട്ടിയെ ആക്രമിക്കാനുള്ള ആയുധമായി മാറും.
ഇത്തരം സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലൂടെയുള്ള തുറന്ന ചർച്ചകൾ ഒഴിവാക്കി അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി വേദികളിൽ അറിയിക്കാനും ഉൾപാർട്ടി ചർച്ചകൾ പ്രോത്സാഹിപ്പിക്കാനും പ്രവർത്തകർ തയ്യാറാകണം. സി.പി.എം ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള ചർച്ചകളാണ് നടക്കേണ്ടത്. ബംഗാളിൽ സി.പി.എം വീണ്ടും കരുത്താർജ്ജിച്ചു തുടങ്ങിയിട്ടുണ്ടെന്നും കേരളത്തിലെ ഇപ്പോഴത്തെ പ്രതിസന്ധിയെയും പാർട്ടി അതിജീവിക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.
ഫെയ്‌സ്ബുക്ക് കുറുപ്പിന്‍റെ പൂർണ്ണ രൂപം
നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടർന്ന് ചിലയിടങ്ങളിൽ എന്റെ പടം വെച്ചുകൊണ്ടുള്ള ബോർഡുകൾ പ്രത്യക്ഷപ്പെട്ടതായി മനസ്സിലാക്കുന്നു. പരാജയത്തിൽ നിന്ന് നിരാശരായവർ പല തരത്തിലുള്ള പ്രതികരണങ്ങൾ നടത്തുന്നതായും കാണുന്നു. ഇത്തരം കാര്യങ്ങളിൽ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എന്ന നിലയിൽ എന്റെ നിലപാട് വ്യക്തമാക്കുവാനാണ് ഈ പോസ്റ്റ്.
ഫ്ലക്സ് ബോർഡിലൂടെ പ്രചരണം നടത്തി മുഖ്യമന്ത്രിയാക്കാൻ കൊണ്ടുപിടിച്ച ശ്രമം കോൺഗ്രസുകാർ നടത്തുന്നുണ്ട്. കോൺഗ്രസ് പ്രതിസന്ധിയിലായപ്പോൾ “ഇന്ദിരയെ വിളിക്കൂ, സോണിയയെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ” എന്ന മുദ്രാവാക്യം ഉയർത്തി. അത് കോൺഗ്രസ് സംസ്കാരമാണ്. അതിൽ നിന്ന് വ്യത്യസ്തമാണ് കമ്മ്യൂണിസ്റ്റ് സംഘടനാരീതി. കാരണം നിലവിലുള്ള മുതലാളിത്ത വ്യവസ്ഥയെ മാറ്റിത്തീർക്കാൻ ശ്രമിക്കുന്ന വിപ്ലവ പ്രസ്ഥാനമാണ് സി.പി.ഐ.എം. ഈ പാർട്ടി തിരഞ്ഞെടുപ്പിനെ മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല. ഇന്ത്യയിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ വിജയവും പരാജയവും കമ്മ്യൂണിസ്റ്റുകാർ നേരിട്ടിട്ടുണ്ട്. ഓരോ സന്ദർഭങ്ങളിലും അവയെ വസ്തുനിഷ്ഠമായി വിലയിരുത്താറുമുണ്ട്. വിജയത്തിലും പരാജയത്തിലും ഉണ്ടായ നേട്ടങ്ങളും കോട്ടങ്ങളും പരിശോധിച്ച് തുടർനടപടികളും കൈക്കൊള്ളാറുമുണ്ട്.
ഈ നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അതീവ ഗൗരവമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുമുണ്ട്. അതിന്റെ തുടർച്ചയായി തിരുത്തൽ നടപടികളും വരും. അത്തരമൊരു പരിശോധനയ്ക്കും തിരുത്തലിനും സഹായകരമല്ലാത്ത നിലപാടാണ് ചിലർ കൈക്കൊള്ളുന്നത്. പരാജയത്തിന്റെ കാരണക്കാരാണെന്ന് അവർ കണക്കാക്കുന്ന ചില പാർട്ടി നേതാക്കളെ ലക്ഷ്യം വെച്ച് പരസ്യ വിമർശനവും നടത്തുന്നുണ്ട്. വലതുപക്ഷക്കാർ ഇത്തരം പ്രവർത്തനങ്ങളെ ഉപയോഗിച്ച് പാർട്ടിയെ ആക്രമിക്കാനും ശ്രമിക്കുന്നുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലൂടെയുള്ള തുറന്ന ചർച്ചകൾ ഒഴിവാക്കുക. അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി നേതൃത്വത്തെ അറിയിക്കുക, ഉൾപാർട്ടി ചർച്ചകൾ പ്രോത്സാഹിപ്പിക്കുക — ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എന്റെ പടം വെച്ചുള്ള ബോർഡുകൾ നീക്കം ചെയ്യണം. സോഷ്യൽ മീഡിയയിൽ എന്നെ പ്രകീർത്തിച്ചുകൊണ്ടും പാർട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിക്കൊണ്ടും നടത്തുന്ന പ്രചരണങ്ങൾ അവസാനിപ്പിക്കുക. ഉൾപാർട്ടി ചർച്ചയെ കുറിച്ച് സി.പി.ഐ.എം ഭരണഘടന അനുശാസിക്കുന്നത് പിന്തുടരുക.
ബംഗാളിൽ സി.പി.ഐ.എം വീണ്ടും കുതിച്ചുകയറാനുള്ള ശ്രമങ്ങൾ വിജയിച്ചു തുടങ്ങി. കേരളത്തിലെ ഇപ്പോഴത്തെ പ്രതിസന്ധിയെയും അതിജീവിക്കുക തന്നെ ചെയ്യും.
ലാൽ സലാം, സഖാക്കളെ…
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

