പെരിന്തൽമണ്ണയിൽ നിയമം കിറുകൃത്യം; കണ്ണൂരിൽ ബാധകമല്ല, രാത്രി 10മണി കഴിഞ്ഞും സർക്കാർ വാർഷിക പരിപാടി സജീവം
text_fieldsകണ്ണൂർ പൊലീസ് മൈതാനിയിൽ ഇന്നലെ രാത്രി പത്തിനുശേഷവും തുടർന്ന നാടൻപാട്ട് പരിപാടിയിൽനിന്ന്
കണ്ണൂർ: ലഹരിക്കെതിരെ വിസ്ഡം സ്റ്റുഡന്‍സ് ഓർഗനൈസേഷൻ പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച സ്റ്റുഡന്റ്സ് കോണ്‍ഫറന്‍സ് രാത്രി 10മണി പിന്നിട്ടപ്പോൾ വേദിയിൽ കയറി നിർത്താൻ ആവശ്യപ്പെട്ട പൊലീസിന് കണ്ണൂരിലെ സർക്കാർ പരിപാടിയിൽ മറ്റൊരു നിലപാട്.
പിണറായി സർക്കാരിന്റെ നാലാംവാർഷികത്തിന്റെ ഭാഗമായി കണ്ണൂര്‍ പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന ഭാഗമായി നടക്കുന്ന കലാപരിപാടികൾ രാത്രി പത്തുമണി പിന്നിട്ടിട്ടും വേദിയിലേക്ക് ഒരാളും കയറിവന്ന് നിർത്താൻ ആവശ്യപ്പെട്ടില്ല. പൊലീസിന്റെ സ്വന്തം പേരിലുള്ള മൈതാനിയിലാണ് ഈ പരിപാടി നടക്കുന്നതെന്നാണ് ഏറെ കൗതുകകരം. ഇതോടെ, പെരിന്തൽമണ്ണ പൊലീസ് സ്വീകരിച്ചത് അമിതാവേശമെന്ന ആരോപണം ശക്തമായി.
സർക്കാരിന്റെ നാലാംവാർഷികത്തിന്റെ ഭാഗമായി കണ്ണൂരിൽ മേയ് എട്ട് മുതൽ 14വരെയാണ് ‘എന്റെ കേരളം’ പ്രദർശന വിപണന മേള നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് വൈകീട്ട് കലാപരിപാടികൾ നടക്കുന്നത്.
ഇന്നലെ രാത്രി നടന്ന നാടൻപാട്ട് മേള പത്തുമണി പിന്നിട്ടാണ് സമാപിച്ചത്. ശേഷം മെമന്റോ നൽകുന്ന ചടങ്ങുകളും നടന്നു. രാത്രി പത്തുമണിയോടെ പരിപാടി അവസാനിപ്പിക്കണമെന്ന നിയമം സർക്കാർ പരിപാടികളിൽ ബാധകമല്ലേയെന്നാണ് നാട്ടുകാരുടെ ചോദ്യം. അഞ്ചോ പത്തോ മിനിറ്റ് പരിപാടി വൈകുമ്പോൾ കണ്ണടയ്ക്കുകയാണ് പൊതുവെ സ്വീകരിക്കുന്ന നിലപാട്. പെരിന്തൽമണ്ണയിലെ വിസ്ഡം വേദിയിൽ കയറി ആക്രോശിച്ച പെരിന്തൽമണ്ണ എസ്.എച്ച്.ഒയുടെ ദൃശ്യമടക്കം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പൊലീസ് നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
ഞായറാഴ്ച രാത്രിയാണ് പെരിന്തൽമണ്ണയിൽ വിസ്ഡം സംഘടിപ്പിച്ച കേരള സ്റ്റുഡൻ്റ്സ് കോൺഫറൻസ് പൊലീസ് ഇടപെട്ട് നിർത്തിവെപ്പിച്ചത്. അനുവദിച്ച സമയപരിധി കഴിഞ്ഞുവെന്ന് പറഞ്ഞാണ് രാത്രി 10ന് പൊലീസ് സമ്മേളന വേദിയിലേക്ക് കടന്നുവന്നതും നിർത്തിവെക്കാൻ ആവശ്യപ്പെട്ടതും.
എന്നാൽ, 10 മണിക്ക് മുമ്പ് നിർത്തുന്ന വിധമാണ് എല്ലാ പരിപാടികളും ക്രമീകരിച്ചതെന്നും പൊലീസെത്തുമ്പോൾ സമാപന പ്രസംഗം നടക്കുകയായിരുന്നെന്നും ഉടൻ നിർത്താമെന്ന് പറഞ്ഞിട്ടും സമ്മതിക്കാതെ പൊലീസ് നിർത്താൻ ആക്രോശിക്കുകയായിരുന്നുവെന്നാണ് വിസ്ഡം നേതാക്കൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

