ഈരാറ്റുപേട്ടയിൽ തീവ്രവാദ പ്രവർത്തനങ്ങളില്ല; പൊലീസ് റിപ്പോർട്ട് തള്ളി മന്ത്രി വാസവൻ
text_fieldsഏറ്റുമാനൂർ: ഈരാറ്റുപേട്ട പ്രദേശത്ത് തീവ്രവാദ പ്രവർത്തനങ്ങളുണ്ടെന്ന പൊലീസ് റിപ്പോർട്ട് തള്ളി മന്ത്രി വി.എൻ. വാസവൻ. അന്ന് പൊലീസ് നൽകിയ റിപ്പോർട്ട് അവർ വിശദ അന്വേഷണം നടത്തി തിരുത്തിയിട്ടുണ്ടെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പൊലീസ് റിപ്പോർട്ട് തിരുത്തിയ സാഹചര്യത്തിൽ മിനി സിവിൽ സ്റ്റേഷന് സ്ഥലം ഏറ്റെടുക്കാൻ സർക്കാർ നടപടി സ്വീകരിക്കും.
ഇതോടൊപ്പം പൂഞ്ഞാറിൽ സമാധാനം പുനഃസ്ഥാപിക്കാൻ സർക്കാറിനായി. ഒരു പ്രശ്നവും അവിടെ നിലവിലില്ല. ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിനായി ബന്ധപ്പെട്ടവർ ആഭ്യന്തര വകുപ്പിനെ സമീപിച്ചപ്പോഴാണ് ജില്ല പൊലീസ് മേധാവി, പ്രദേശത്ത് തീവ്രവാദപ്രവർത്തനങ്ങൾ നടക്കുന്നതായി ആഭ്യന്തര വകുപ്പിന് നൽകിയ റിപ്പോർട്ട് പുറത്തുവന്നത്.

