ഒന്നാം ക്ലാസിൽ ആരുമെത്താതെ ചോക്കാട് ജി.എൽ.പി സ്കൂൾ
text_fieldsകുട്ടികളില്ലാതെ വിജനമായ ചോക്കാട് ജി.എൽ.പി സ്കൂൾ ഒന്നാം ക്ലാസ് മുറി
കാളികാവ് (മലപ്പുറം): നൂതന സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടും ചോക്കാട് ജി.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിജനമായിരുന്നു. ഒന്നാം ക്ലാസിൽ ഇത്തവണ പുതുതായി ആരും പ്രവേശനം നേടാത്തതാണ് കാരണം. രണ്ടാം ക്ലാസിൽ അഞ്ച്, മൂന്നാം ക്ലാസിൽ ആറ്, നാലാം ക്ലാസിൽ ഒന്ന് എന്നിങ്ങനെയാണ് സ്കൂളിലെ കുട്ടികളുടെ എണ്ണം- ആകെ 12 പേർ. ഇതിൽ അധ്യയനവർഷത്തിലെ ആദ്യദിനത്തിൽ മൂന്ന് കുട്ടികൾ പനിമൂലം വന്നതുമില്ല. ഇതോടെ പുതിയ ഒരു കുട്ടി പോലുമില്ലാതെ സ്കൂളിൽ പ്രവേശനോത്സവം വഴിപാടായി.
1978ൽ ആരംഭിച്ച വിദ്യാലയത്തിൽ ഒന്നാംതരത്തിൽ കുട്ടികൾ ഇല്ലാതാകുന്നത് ആദ്യമായാണ്. നാലു വർഷം മുമ്പുവരെ ചോക്കാട് ഗിരിജൻ കോളനി സ്കൂൾ എന്നായിരുന്നു വിദ്യാലയത്തിന്റെ പേര്. ചോക്കാട് ഗവ. എൽ.പി സ്കൂൾ എന്ന പേര് മാറ്റിയെങ്കിലും കോളനിയുടെ പുറത്തുനിന്ന് ഒരു വിദ്യാർഥിയും എത്തിയിട്ടില്ല.
ജില്ലയിലെ ഏറ്റവും വലിയ ആദിവാസി കോളനിയായ ചോക്കാട് നാൽപത് സെന്റ് കോളനിയിൽ ഒന്നാംതരത്തിൽ ചേർക്കാൻ പ്രായമായ കുട്ടികളില്ലാത്തതാണ് പ്രശ്നം. കോളനിയിലെ ഒരു കുട്ടിക്ക് അഞ്ചു വയസ്സ് തികഞ്ഞിട്ടുണ്ടെങ്കിലും ശാരീരിക പ്രയാസങ്ങൾ മൂലം അംഗൻവാടിയിൽതന്നെ പഠനം തുടരുകയാണ്.
സ്കൂൾ കെട്ടിടത്തിന്‍റെ ചുമരുകൾ ഇടിഞ്ഞുവീണു
കാട്ടാക്കട: നിർമാണം അവസാനഘട്ടത്തിലെത്തിയ സ്കൂൾ കെട്ടിടത്തിന്‍റെ ചുമരുകള്‍ ഇടിഞ്ഞുവീണു. മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ടല സർക്കാർ ഹൈസ്കൂളില്‍ മൂന്നുകോടിയോളം രൂപ ചെലവിട്ട് നിർമിച്ച് ഉദ്ഘാടനത്തിനൊരുങ്ങുന്ന കെട്ടിടത്തിന്‍റെ ഒരുഭാഗമാണ് തകര്‍ന്നത്. വേനലവധി കഴിഞ്ഞ് വ്യാഴാഴ്ച സ്കൂളിലെത്തിയ കുട്ടികളും രക്ഷാകർത്താക്കളുമാണ് ഭിത്തി ഇടിഞ്ഞുവീണുകിടക്കുന്നത് കണ്ടത്.
നിർമാണത്തിലെ അപാകതയാണ് കാരണമെന്ന് നാട്ടുകാരും രക്ഷാകർത്താക്കളും ആരോപിച്ചു. ഇടിഞ്ഞുവീണ ഭാഗത്ത് കോണ്‍ക്രീറ്റ് മിശ്രിതത്തിനുള്ളില്‍ മരത്തിന്‍റെ വേരുകളും സിമന്‍റ് ചാക്കുകളും ഉള്‍പ്പെടെ കണ്ടെത്തി. ചട്ടങ്ങൾ പാലിക്കാതെയും വേണ്ടത്ര മേൽനോട്ടമില്ലാതെയുമാണ് കെട്ടിടം നിർമിച്ചതെന്ന് രക്ഷാകർത്താക്കളും പൊതുപ്രവർത്തകരും ആരോപിച്ചു. എന്നാൽ, ബുധനാഴ്ച വൈകീട്ടുണ്ടായ ശക്തമായ ഇടിമിന്നലിനെ തുടര്‍ന്നാണ് ഭിത്തി ഇടിഞ്ഞതെന്ന് കരുതുന്നതായി സ്കൂള്‍ ഹെഡ്മിസ്ട്രസ് മിനി പ്രകാശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

