'ഗോമാതാ ഫ്രൈ': രഹ്ന ഫാത്തിമക്കെതിരായ കേസിന് സ്റ്റേയില്ല
text_fieldsകൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സ്റ്റേ ചെയ്യണമെന്ന ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ ആവശ്യം ഹൈകോടതി നിരസിച്ചു. ഗോമാതാ ഫ്രൈ എന്ന പേരിൽ ബീഫ് പാചകം ചെയ്യുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെ തുടർന്ന് 2020ൽ എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ഹരജി കോടതിയുടെ പരിഗണനയിലാണ്.
ഹരജി തീർപ്പാകുംവരെ കേസിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ നിരസിച്ചത്.
ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയ കോടതി, മതസ്പർധ വളർത്തുന്ന കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പ്രവണത വർധിച്ചുവരികയാണെന്നും ഇതിന് അറുതി വേണമെന്നും വാക്കാൽ നിർദേശിച്ചു. തുടർന്ന് സർക്കാറിന്‍റെ വിശദീകരണത്തിനായി ഹരജി മാറ്റി.
അനാവശ്യമായാണ് കേസെടുത്തതെന്നും എറണാകുളം അഡീ. സി.ജെ.എം കോടതിയിൽ നിലവിലുള്ള കേസിലെ നടപടികൾ റദ്ദാക്കണമെന്നുമായിരുന്നു രഹ്നയുടെ ആവശ്യം. മതസ്പർധ വളർത്തുന്ന തരത്തിലുള്ള പരാമർശങ്ങളാണ് വിഡിയോയിലുള്ളതെന്ന് പ്രോസിക്യൂഷൻ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

