ആ കത്ത് തന്റേതല്ല; ലൈംഗികാതിക്രമം ഉണ്ടായിട്ടില്ല -യൂത്ത് കോൺഗ്രസ് വനിതാ നേതാവ്
text_fieldsതിരുവനന്തപുരം: ചിന്തൻ ശിബിരത്തിൽ തനിക്കുനേരെ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് വനിതാ നേതാവ്. പീഡനം ആരോപിച്ച് താൻ നേതൃത്വത്തിന് കത്തു നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു. പ്രചരിക്കുന്ന കത്ത് തന്റെതല്ല. തന്റെ കൈയ്യക്ഷരമോ ഒപ്പോ അല്ല അതിലുള്ളതെന്നും വനിതാ നേതാവ് പറഞ്ഞു. പാലക്കാട് നടന്ന ചിന്തൻ ശിബിരത്തിൽ സംസ്ഥാന നിർവാഹകസമിതിയംഗം വിവേക് എച്ച്. നായർ (ശംഭു പാൽക്കുളങ്ങര) മോശമായി പെരുമാറിയെന്ന് തിരുവനന്തപുരത്ത് കെ.എസ്.യു ജില്ല ഭാരവാഹിയായിരുന്ന വനിതാ നേതാവ് പരാതിപ്പെട്ടിരുന്നു. എന്നാൽ ഇത് ലൈംഗികാതിക്രമമല്ലെന്നാണ് ഇവർ വിശദീകരിക്കുന്നത്.
പീഡന ആരോപണത്തിൽ സംഘടനക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് യൂത്ത് കോൺഗ്രസും വ്യക്തമാക്കി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായിരുന്ന വിവേകിനെതിരായ നടപടി സംഘടനാ മര്യാദക്ക് നിരക്കാത്ത പെരുമാറ്റത്തിനാണ്. സംസ്ഥാന യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ ഉൾപ്പടെയുള്ളവർക്ക് എതിരെ വിവേക് സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചു. അതിനെക്കുറിച്ച് അഖിലേന്ത്യാ നേതൃത്വത്തിന് പരാതി ലഭിച്ചു. അക്കാര്യത്തിൽ സംഘടനാപരമായി നടപടിയും എടുത്തുവെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. എന്നാൽ പരാതി ഒതുക്കി തീർത്തതാണെന്ന് ഡി.വൈ.എഫ്.ഐയും യുവമോർച്ചയും ആരോപിച്ചു.
വാർത്തയിൽ കാണിക്കുന്ന പരാതിയുടെ നിജസ്ഥിതിയെ കുറിച്ച് പറയേണ്ടത് പരാതിക്കാരിയാണ്. ഏതെങ്കിലും പെൺകുട്ടിക്ക് അത്തരമൊരു പരാതി ഉണ്ടെങ്കിൽ കഴിയാവുന്ന എല്ലാ നിയമസഹായവും നൽകുമെന്നും യൂത്ത് കോൺഗ്രസ് പറഞ്ഞിരുന്നു. പൊലീസിനെ സമീപിക്കുവാൻ പിന്തുണയും നൽകും. കുറ്റക്കാരനെങ്കിൽ ആരെയും സംരക്ഷിക്കില്ല. സ്വയം വികസിപ്പിച്ചെടുത്ത തീവ്രത അളക്കുന്ന യന്ത്രം കൊണ്ട് നടക്കുന്ന അന്വേഷണ കമ്മീഷനുകൾ ഉളള സിപിഎം, യൂത്ത് കോൺഗ്രസ്സിനെ സ്ത്രീ സംരക്ഷണം പഠിപ്പിക്കേണ്ട. പരാതി ഉണ്ടെങ്കിൽ അത് പാർട്ടി കോടതിയിൽ തീർപ്പാക്കില്ലെന്നും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
മോശം പെരുമാറ്റത്തിന്‍റെ പേരിൽ അച്ചടക്ക നടപടി നേരിട്ട വിവേകിനെ സമീപകാലത്ത് യൂത്ത് കോൺഗ്രസിൽ തിരിച്ചെടുത്തെങ്കിലും അതേ നിലപാട് ആവർത്തിക്കുകയാണ്. ചിന്തൻ ശിബിരത്തിലും മോശം പെരുമാറ്റമുണ്ടായ സാഹചര്യത്തിൽ അദ്ദേഹത്തെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്പെൻഡ് ചെയ്യുന്നതായി കേരളത്തിന്‍റെ ചുമതലയുള്ള യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കഴിഞ്ഞദിവസം പത്രക്കുറിപ്പ് ഇറക്കിയിരുന്നു.