റിപ്പോർട്ടർ ചാനലിലെ ജേണലിസ്റ്റുകളുടെ ഫോൺ പിടിച്ചെടുത്തിട്ടില്ലെന്ന് എ.ഡി.ജി.പി പി. വിജയൻ; ‘എല്ലാം ഞങ്ങൾ വിഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്’
text_fieldsകൊച്ചി: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് കളമശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആന്റോ അഗസ്റ്റിനെ ഒന്നും റിപ്പോർട്ടർ ചാനലിനെ രണ്ടും പ്രതിയാക്കിയതായി എഡിജിപി പി. വിജയൻ. മജിസ്ട്രേറ്റിൽനിന്ന് സർച്ച് വാറന്റ് വാങ്ങിയാണ് റിപ്പോർട്ടർ ചാനലിൽ പരിശോധന നടത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഒരു മിനിറ്റ് പോലും ന്യൂസ് ഒന്നും തടസ്സപ്പെടുത്തിയിട്ടില്ല. എവിടെയെങ്കിലും ഒരു പരിശോധനക്ക് വന്നു കഴിഞ്ഞാൽ പൊലീസ് അവിടെയുള്ള മൊബൈൽ ഫോൺ വാങ്ങിവെക്കും. ഞങ്ങൾ ഒരു മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടില്ല. നിങ്ങൾ അതിന്റെ രേഖ എടുത്തു നോക്കിയാൽ മനസ്സിലാകും. ഓഫിസിൽ ഡിജിറ്റലൈസ് ചെയ്തിരിക്കുന്ന ലോക്കർ ഒക്കെ ഉണ്ട്. അവർ കൂടി ഒപ്പുവെച്ച ഞങ്ങളുടെ സെർച്ച് രജിസ്റ്ററിൽ ഏതെങ്കിലും ജേർണലിസ്റ്റിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ടോ എന്ന് നിങ്ങൾ നോക്കൂ. ഞങ്ങളും ഇതെല്ലാം വീഡിയോഗ്രാഫ് ചെയ്തിട്ടുണ്ട്.
അർജന്റീന ഫുട്ബാൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്പോർട്സ് വകുപ്പിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ഒറിജിനൽ റിപ്പോർട്ടുകളും ആവശ്യമായ മറ്റ് രേഖകളും ശേഖരിക്കുകയും ചിലരുടെ മൊഴിയെടുക്കുകയും ചെയ്തു. പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്ന് മനസ്സിലായതോടെയാണ് കളമശ്ശേരി പൊലീസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
അന്വേഷണത്തിന് ആവശ്യമായ തെളിവുകളും ഡോക്യുമെന്റുകളും ശേഖരിക്കുന്നതിനായി ബന്ധപ്പെട്ട മജിസ്ട്രേറ്റിൽ നിന്ന് സെർച്ച് വാറന്റ് വാങ്ങി. സർക്കാർ ഉദ്യോഗസ്ഥരായ രണ്ട് സ്വതന്ത്ര സാക്ഷികൾ, വനിതാ ജീവനക്കാർ, സാങ്കേതിക വിവരങ്ങൾ ശേഖരിക്കാനുള്ള ടെക്നിക്കൽ സംഘം എന്നിവരടങ്ങുന്ന 5 അന്വേഷണ സംഘങ്ങൾ 5 കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. ഈ പരിശോധന നടപടികൾ വീഡിയോഗ്രാഫ് ചെയ്യുന്നുമുണ്ട്.
നിലവിൽ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് പൂർത്തിയായിട്ടുള്ളത്. കേസിൽ ഇനിയാരൊക്കെ പ്രതികളായി വരും എന്ന കാര്യം തുടർന്നുള്ള അന്വേഷണത്തിലൂടെ കണ്ടെത്തി വ്യക്തമാക്കുമെന്ന് എഡിജിപി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

