സുരക്ഷ സംവിധാനവും സൂചന ബോർഡുമില്ല; അപകടം തുടർക്കഥയായി കാഞ്ഞാർ-വാഗമൺ റോഡ്
text_fieldsകാഞ്ഞാർ-വാഗമൺ റോഡിലെ അപകടം സംഭവിച്ച വളവ്
കാഞ്ഞാർ: നൂറുകണക്കിന് വിനോദസഞ്ചാരികൾ കടന്നുപോകുന്ന കാഞ്ഞാർ-വാഗമൺ റോഡിൽ അപകടം തുടർക്കഥയാണ്. ഈ റോഡിന് പല സ്ഥലത്തും ആവശ്യത്തിന് വീതിയില്ല. ഭൂരിപക്ഷം പ്രദേശങ്ങളും പാറക്കെട്ടുകളും കൊക്കകളുമാണ്. നിരന്തര അപകട മേഖലയായിട്ടും വഴിവിളക്കുകൾപോലും ഇല്ല. ആവശ്യത്തിന് സൂചന ബോർഡുകളും ക്രാഷ് ബാരിയറുകളും സ്ഥാപിച്ചിട്ടുമില്ല. അപകടം ഉണ്ടായാൽ തന്നെ അഗ്നിരക്ഷാസേനയും പൊലീസും ഓടിയെത്തുമ്പോൾ മണിക്കൂറുകൾ കഴിഞ്ഞിട്ടുണ്ടാവും.
കുത്തനെയുള്ള ഇറക്കവും കൊടുംവളവും തന്നെയാണ് ബുധനാഴ്ച പുലർച്ച അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപെടാനും പ്രധാന കാരണമായത്. ഇറക്കത്തിൽ ബ്രേക്ക് ലഭിക്കാത്തതാണ് മിക്ക അപകടങ്ങൾക്കും കാരണം. സെപ്റ്റംബറിൽ ടിപ്പർ ലോറി അപകടത്തിൽപെട്ടത് ഇതിന് സമീപത്താണ്. 2023 ഫെബ്രുവരിയിൽ കാർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റതും ഇതേ പാതയിലാണ്. വാഗമൺ പോയി തിരികെ വന്ന എറണാകുളം സ്വദേശികളായ മസൂബ്, റബീദ് എന്നിവർക്കാണ് അന്ന് പരിക്കേറ്റത്. ഇത്തവണ പുതുവത്സരം ആഘോഷിക്കുന്നതിനിടെ കാൽവഴുതി കൊക്കയിൽ വീണ് യുവാവ് മരിച്ചത് ഈ സംഭവസ്ഥലത്തിന് 500 മീറ്റർ മുകളിലാണ്. കരിങ്കുന്നം മേക്കാട്ടിൽ പരേതനായ മാത്യുവിന്റെ മകൻ എബിനാണ് മരിച്ചത്.
തൊടുപുഴയിൽനിന്ന് രണ്ട് റോഡാണ് പുള്ളിക്കാനം വഴി വാഗമണ്ണിനുള്ളത്. ഇതിൽ ഒന്ന് തൊടുപുഴ-കാഞ്ഞാർ-കൂവപ്പള്ളി-പുത്തേട് വഴി-പുള്ളിക്കാനത്ത് എത്തുന്നതും മറ്റൊന്ന് തൊടുപുഴ-മൂലമറ്റം-ഇലപ്പള്ളി-എടാട് വഴി പുള്ളിക്കാനത്ത് എത്തുന്നതുമാണ്. ഈ രണ്ട് റോഡിനും വീതിയില്ലെന്നതാണ് പ്രധാന പ്രശ്നം. ഞായറാഴ്ചയും അവധി ദിവസങ്ങളിലും മണിക്കൂറുകളോളം ഈ റൂട്ടിൽ ഗതാഗതക്കുരുക്ക് പതിവാണ്. അപകടാവസ്ഥ പരിഹരിക്കണമെന്ന പരാതി ഉയരാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും പൊതുമരാമത്ത് അനങ്ങിയിട്ടില്ല. വിനോദസഞ്ചാരികൾ ഏറെയുള്ള ഈ വഴി വീതികൂട്ടിയും സുരക്ഷാ സംവിധാനം ഒരുക്കിയും ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

