എസ്.ഡി.പി.ഐ വോട്ട്: ബിനോയ് വിശ്വത്തിന് മുഖ്യമന്ത്രിയുടെ പരിഹാസം; ’എന്നാല്‍ ഇനി അദ്ദേഹത്തോട് എഴുതി വാങ്ങാം, എന്നിട്ട് പറയാം’
text_fieldsതിരുവനന്തപുരം: എസ്‍.ഡി.പി.ഐ വോട്ട് വേണ്ടെന്ന് പറഞ്ഞ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. "എന്നാല്‍ ഇനി അദ്ദേഹത്തോട് എഴുതി വാങ്ങാം, എന്നിട്ട് പറയാം. ഞങ്ങള്‍ പറയുന്നത് ഞങ്ങളല്ലേ പറയുക. ഓരോരുത്തര് ഓരോ രീതിയിലല്ലേ വര്‍ത്തമാനം പറയുന്നത്". മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളത്തിൽ പറഞ്ഞു. നേമത്ത് എസ്‍.ഡി.പി.ഐ പിന്തുണ തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വസ്തുതാവിരുദ്ധമായ കാര്യമാണത്. വി. ശിവൻകുട്ടിയും വ്യക്തിപരമായി പിന്തുണ അഭ്യർഥിച്ചിട്ടില്ല.
കേരളത്തിൽ ബി.ജെ.പി ജയിച്ചുകൂടാ എന്ന് ആഗ്രഹിക്കുന്ന ഒരുപാട് ശക്തികളുണ്ട്. ആ നിലപാടുള്ള, രാഷ്ട്രീയമായി യോജിപ്പില്ലാത്ത ചിലർ തങ്ങൾക്ക് വോട്ട് ചെയ്തിട്ടുണ്ടാകാം. ബി.ജെ.പി പരാജയപ്പെടണം എന്ന് ആഗ്രഹിച്ചവരാണ് അവർ. ബി.ജെ.പിയെ പരാജയപ്പെടുത്താൻ തങ്ങളാണ് മുന്നിട്ടിറങ്ങുന്നതെന്ന് മനസ്സിലാക്കിയാണ് അങ്ങിനെ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും വർഗീയതയുമായി ബന്ധം ഉണ്ടാക്കിയിട്ടില്ലെന്നും പിണറായി പറഞ്ഞു.
വാര്‍ത്താസമ്മേളനം നിർത്തിയത് സമയം കഴിഞ്ഞതിനാൽ
കഴിഞ്ഞ ദിവസം കോട്ടയത്ത് വാർത്താസമ്മേളനം അവസാനിപ്പിച്ചത് സമയം കഴിഞ്ഞതിനാലാണെന്ന് പിണറായി വിശദീകരിച്ചു. ഇന്നലെ വാർത്താസമ്മളനം കുറച്ചു നീണ്ടുപോയി. ആരാണ് ചോദിക്കുന്നത് എന്ന് മനസ്സിലാക്കിയല്ല ഉത്തരം പറയുന്നത്. വിശദമായി മറുപടി പറയേണ്ട ഒന്നോ രണ്ടോ ചോദ്യമുണ്ടായി. മറുപടി പറഞ്ഞു കഴിഞ്ഞപ്പോൾ 40 മിനിറ്റ് കഴിഞ്ഞ് 45 ലേക്ക് പോയി. കുറച്ചുദിവസമായി കാണുന്ന ഒരു കാഴ്ചയുണ്ട്.
കുറച്ച് ആൾക്കാർ ബഹളത്തിന് ആയിട്ട് വരും. വലിയ ബഹളം, വലിയ ശബ്ദം...വല്ലാത്ത സീൻ സൃഷ്ടിച്ചു. മനസിലുള്ള ചോദ്യത്തിന് ഉത്തരം പറയാൻ കഴിയില്ല. മുന്നിൽ വന്ന ചോദ്യത്തിനാണ് ഉത്തരം പറഞ്ഞത്. ഇതൊരു പുതിയ അനുഭവമാണ്. നിർഭാഗ്യകരമാണിത്. എങ്ങനെ കാര്യങ്ങൾ വക്രീകരിക്കാൻ തയാറാകുന്നതിന്‍റെ സൂചനയാണത്. തെരഞ്ഞെടുപ്പ് ഘട്ടമായതിനാൽ ബഹളം ഒഴിവാക്കിയെന്നും മുഖ്യമന്ത്രി വിശദമാക്കി.
നമ്മുടെ നാട്ടിൽ ഏറ്റവും വലിയ ആപത്ത് വിതച്ചതാണ് ഭൂരിപക്ഷ വർഗീയത. അതിനെതിരെ എല്ലാ കാലത്തും എതിർത്തു നിന്നവരാണ് ഇടതുപക്ഷം. ന്യൂനപക്ഷ സംരക്ഷണം ഉറപ്പു വരുത്തുന്ന നടപടികൾ ഞങ്ങൾ സ്വീകരിച്ചു. ആ ഞങ്ങൾ ഭൂരിപക്ഷ വർഗീയതയെ താലോലിക്കുന്നവരാണ് എന്ന് വരുത്തിയാണ് രാഷ്ട്രീയ ലാഭമുണ്ടാക്കാം എന്ന് കരുതി അങ്ങനെ പലരും നിൽക്കുന്നത്. ഇടതുപക്ഷത്തോട് വലിയ അഭിമുഖ്യം ഉണ്ടായിരുന്നവരല്ല ന്യൂനപക്ഷം.
പിന്നീട് ഞങ്ങളുടെ നിലപാടുകൾ കണ്ടു ആഭിമുഖ്യമുള്ളവരായി അവർ മാറി. എങ്ങനെയെങ്കിലും ഇടതുപക്ഷത്തെക്കുറിച്ച് തെറ്റായ ചിത്രം വരച്ചു കാട്ടാനാണ് വലതുപക്ഷക്കാരുടെ ചിന്തകൾ. പാലക്കാട് തെരഞ്ഞെടുപ്പ് നിങ്ങൾക്ക് ഓർമയില്ലേ? അവർ ഒക്കച്ചങ്ങായിമാരാണ്. നിങ്ങൾ ആഗ്രഹിക്കുന്ന ഉത്തരം കിട്ടുന്നില്ല എന്നേയുള്ളൂ. അനായാസം ജയിക്കും എന്ന് വിചാരിച്ചവർക്ക് ഇപ്പോൾ വല്ലാത്ത പൊള്ളലേറ്റു. നേരത്തെ ഉള്ളതിനേക്കാൾ സ്വീകാര്യത എൽ.ഡി.എഫിന് ലഭിക്കുന്നു. ഒരു പുകമറയും ഞങ്ങളെ ബാധിക്കില്ല. ഒരു വർഗീയതയുമായും കൂട്ടുകൂടുന്ന നിലപാടില്ല. എല്ലാ വർഗീയതയോടും ഒരേ നിലപാടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

