അധിക ചുമതല ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല -ഡോ. മോഹനൻ കുന്നുമ്മൽ
text_fieldsതൃശൂർ: കേരള സർവകലാശാലയിൽ പ്രശ്നങ്ങൾ തുടരുന്നതിനിടെ ഗവർണർ രാജേന്ദ്ര അർലേക്കറും വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലും തൃശൂരിൽ കൂടിക്കാഴ്ച നടത്തി. അവാർഡ്ദാന ചടങ്ങിനായി എത്തിയ ഗവർണറും വി.സിയും ഉച്ചക്ക് 1.30നുശേഷം തൃശൂർ രാമനിലയത്തിലാണ് കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ വി.സി സർവകലാശാലയിലെ വിഷയങ്ങൾ ഗവർണറെ ധരിപ്പിച്ചു. കേരള സർവകലാശാല വി.സിയുടെ അധിക ചുമതല ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡോ. മോഹനൻ കുന്നുമ്മൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്തിന്റെ ഭരണത്തലവൻ എന്ന നിലയിൽ ഗവർണർ ഉചിത തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
വൈസ് ചാൻസലറുടെ അധ്യക്ഷതയിലാണ് സിൻഡിക്കേറ്റ് കൂടേണ്ടത്. സിൻഡിക്കേറ്റ് തീരുമാനത്തിന് വി.സി അംഗീകാരം നൽകേണ്ടതുമുണ്ട്. രജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് പിൻവലിച്ചെങ്കിൽ അതിന്റെ രേഖ എവിടെയെന്നും ആരോഗ്യ സർവകലാശാല വി.സി കൂടിയായ ഡോ. മോഹനൻ കുന്നുമ്മൽ ചോദിച്ചു. ഇല്ലാത്ത കടലാസിനെക്കുറിച്ചാണ് രജിസ്ട്രാറും സിൻഡിക്കേറ്റ് അംഗങ്ങളും പറയുന്നത്. സസ്പെൻഷനെക്കുറിച്ച് രജിസ്ട്രാർ പരാതി നൽകിയിട്ടില്ല. പരാതി പറഞ്ഞാൽ പരിഗണിക്കും.
കേരളത്തിലെ പുരാതന സർവകലാശാലയെ ഒരു വിഭാഗം തകർക്കാൻ ശ്രമിക്കുകയാണ്. സർവകലാശാലയുടെ സ്വത്തുക്കൾ തല്ലിത്തകർത്തു. സർവകലാശാല തകർത്തതിനുശേഷം അവിടെ എന്തു വിപ്ലവമാണ് നടത്തുന്നത്. പ്രതിഷേധം എന്നു പറഞ്ഞ് തിരുവനന്തപുരത്തെ ചിലർ തന്റെ ഭാര്യയുടെ വീടിന് മുന്നിൽ കുത്തിയിരുന്നു. എവിടേക്ക് വരുന്നതിലും പേടിയില്ലെന്നും സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുമ്പോൾ സംഘർഷമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 2500 സർട്ടിഫിക്കറ്റുകൾ സർവകലാശാലയിൽ കെട്ടിക്കിടക്കുന്നു എന്ന വാദം കളവാണെന്നും ഒരാഴ്ചയിൽ പരമാവധി എത്തുന്നത് 400-500 സർട്ടിഫിക്കറ്റുകൾ മാത്രമാണെന്നും ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു.
സർവകലാശാലയിൽ കയറാൻ അനുവദിക്കുന്നില്ല. യന്ത്രസംവിധാനത്തിലൂടെ പെട്ടെന്ന് ഒപ്പിടാൻ സാധിക്കും. വി.സിയെ സർവകലാശാലയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞവരെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു. ഫയലുകൾ ഓൺലൈനായി നോക്കാൻ സാധിക്കുമെന്നും അവ തനിക്ക് കിട്ടാതെ തടയപ്പെട്ടിരിക്കുകയാണെന്നും അത് ആരാണെന്ന് പറയാൻ കൃത്യമായി തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരിൽനിന്ന് തുടർച്ചയായി ചോദ്യങ്ങളുണ്ടായതോടെ വി.സി ക്ഷുഭിതനായി ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

