തട്ടിപ്പ് കേസുകളിൽ രാഷ്ട്രീയക്കാരില്ല; അന്വേഷിച്ചത് പീഡനക്കേസ് മാത്രം
text_fieldsതിരുവനന്തപുരം: സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട പീഡനക്കേസുകളിൽ മാത്രമാണ് കാര്യമായ അന്വേഷണം നടന്നത്. തട്ടിപ്പിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കും അദ്ദേഹത്തിന്‍റെ ഓഫിസിലെ ജീവനക്കാർക്കും പങ്കുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും രാഷ്ട്രീയക്കാർക്ക് ആർക്കും പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. ആ നിലയിലാണ് കുറ്റപത്രങ്ങൾ സമർപ്പിച്ചതും.
മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കും പേഴ്സനൽ സ്റ്റാഫിനും പണം നൽകിയെന്ന് തട്ടിപ്പ് കേസിലെ പ്രധാന പ്രതികളായ ബിജു രാധാകൃഷ്ണനും സരിത നായരും പരാതിപ്പെട്ടെങ്കിലും അന്വേഷണങ്ങളൊന്നും നടന്നില്ല. ബിജു രാധാകൃഷ്ണനും സരിതയുമാണ് മിക്ക കേസുകളിലും ശിക്ഷിക്കപ്പെട്ടത്.
ജസ്റ്റിസ് ശിവരാജൻ കമീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനും തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസിനും ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് കേസിനും പരാതിക്കാരി ചൂണ്ടിക്കാട്ടിയവർക്കെതിരെ ബലാത്സംഗക്കേസിനും മന്ത്രിസഭ അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നെങ്കിലും പീഡനക്കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്.
ഉമ്മൻ ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനും മറ്റ് കോൺഗ്രസ് നേതാക്കൾക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയും കേസെടുത്തെങ്കിലും വിജിലൻസ് അന്വേഷണം പ്രഖ്യാപനങ്ങളിലൊതുങ്ങി.സോളാർ കേസ് പ്രതിയുമായി മന്ത്രിമാർ ഉൾപ്പെടെ ഉന്നതർ ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയെങ്കിലും എന്തിനായിരുന്നു അതെന്ന നിലയിൽ അന്വേഷണം പോയില്ല. സോളാർ പാനലുകൾ സ്ഥാപിക്കാനെന്ന പേരിൽ വ്യാപക തട്ടിപ്പാണ് നടന്നതെന്നും അതിന് മന്ത്രിമാരുടെ പിന്തുണയുണ്ടായിരുന്നെന്നും പ്രതികൾ ആരോപിച്ചിരുന്നെങ്കിലും അത്തരത്തിലുള്ള അന്വേഷണവും നടന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

