‘ആരോടും വ്യക്തിവിരോധമില്ല, ഇത് ഗുസ്തി മത്സരമല്ലല്ലോ’; പോരാട്ടം ഇടതുവിരുദ്ധ ശക്തികളോടെന്ന് സ്വരാജ്
text_fieldsതിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സർക്കാറിന്‍റെ തുടർഭരണത്തിനുള്ള നാന്ദി കുറിക്കലാകുമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ്. എൽ.ഡി.എഫിന്‍റെ പോരാട്ടം ഇടതുപക്ഷ വിരുദ്ധ ശക്തികളോടാണ്. അൻവറിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെ കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിനായില്ല. ആരോടും വ്യക്തിവിരോധമില്ലെന്നും, ഇത് ഗുസ്തി മത്സരമൊന്നുമല്ലല്ലോയെന്നും സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ സ്വരാജ് പറഞ്ഞു.
“സംസ്ഥാനത്താകെ കക്ഷിരാഷ്ട്രീയത്തിനതീതമായി ഒരു അഭിപ്രായം ഉരുന്നുണ്ട് -കേരളം ഭരിക്കാൻ ഇടതുപക്ഷമാണ് നല്ലതാണെന്ന അഭിപ്രായമാണത്. കഴിഞ്ഞ ഒമ്പത് വർഷത്തെ ഭരണമികവാണത്. ഈ അഭിപ്രായം നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. അവിടെ വോട്ടുകളായി മാറും. മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് എൽ.ഡി.എഫിന്‍റേത്. ഈ തെരഞ്ഞെടുപ്പ് എൽ.ഡി.എഫ് സർക്കാറിന്‍റെ തുടർഭരണത്തിനുള്ള നാന്ദി കുറിക്കലാകും.
ലോകത്തെ വികസിത രാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തിലെ ജനങ്ങളെയും എത്തിക്കാനാണ് ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്നത്. അതിനെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളായി ചുരുക്കിക്കാണാനാകില്ല. അൻവറിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെ കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിനായില്ല. അദ്ദേഹത്തെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. അദ്ദേഹത്തെ കുഴിയിൽ ചാടിച്ചതിന്‍റെ വലിയ പങ്ക് കോൺഗ്രസിനാണ്. എൽ.ഡി.എഫിന്‍റെ പോരാട്ടം ഇടതുപക്ഷ വിരുദ്ധ ശക്തികളോടാണ്. ഏതെങ്കിലും വ്യക്തിയോടല്ല. ആരോടും വ്യക്തിവിരോധമില്ല. ഇത് ഗുസ്തി മത്സരമൊന്നുമല്ലല്ലോ.
കേരളം കൂടുതൽ അഭിവൃദ്ധിപ്പെടണമെന്നും അതിനായി ഈ സർക്കാർ കരുത്തോടെ മുന്നോട്ടുപോകണമെന്നും ജനം കരുതുന്നു. അതാവും ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകുക. അതിനാവശ്യമായ വിധിയെഴുത്ത് നിലമ്പൂരിൽ ഉണ്ടാകുമെന്നതിൽ സംശയമില്ല. എൽ.ഡി.എഫിന്‍റെ സ്ഥാനാർഥി നിർണയം വൈകിയിട്ടില്ല. 30ന് പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഞാൻ മത്സരിക്കണമെന്ന് പ്രതിപക്ഷവും ആഗ്രഹിച്ചിരുന്നു” -സ്വരാജ് പറഞ്ഞു.
സിറ്റിങ് സീറ്റായ നിലമ്പൂർ നിലനിർത്തുക എന്നത് എൽ.ഡി.എഫിന്റെ അഭിമാനപ്രശ്നമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് സ്വതന്ത്രന് പകരം പാർട്ടി നേതാവിനെ തന്നെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. 58 വർഷത്തിനു ശേഷമാണ് നിലമ്പൂരിൽ സി.പി.എം ചിഹ്നത്തിൽ ഒരു സ്ഥാനാർഥി മത്സരിക്കുന്നത്. തൃപ്പൂണിത്തുറ മുൻ എം.എൽ.എയായ സ്വരാജ് സ്വന്തം നാട്ടിൽ മത്സരത്തിന് ഇറങ്ങുന്നതും ആദ്യമായാണ്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി എന്നീ പദവികൾ സ്വരാജ് വഹിച്ചിട്ടുണ്ട്.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. എം. സ്വരാജിനെ മുന്നിൽ നിർത്തി പോരാട്ടം നയിക്കാൻ ആണ് സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനമെന്ന് സ്ഥാനാർഥിയെ പ്രഖ്യാപിച്ചുകൊണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഇടത് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച പി.വി. അൻവർ രാജിവെച്ച് മുന്നണി വിട്ടതോടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

