നാല് മാസമായി ശമ്പളമില്ല; നടുറോഡിൽ പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്
text_fieldsതൃശൂര്‍: തൃശൂരിൽ നടുറോഡിൽ യുവാവിന്‍റെ ആത്മഹത്യാശ്രമം. മൈസൂർ സ്വദേശി ആസിഫ് ഖാനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. റോഡില്‍ നിന്ന് പെട്രോള്‍ ഒഴിച്ച് തീ കൊളുത്താനുള്ള ശ്രമം പൊലീസ് ഇടപെട്ട് തടഞ്ഞു. എം.ജി റോഡിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയാണ് ഇയാള്‍. നാല് മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് യുവാവ് പറഞ്ഞു.
തൃശൂര്‍ എം.ജി റോഡിലുള്ള ആസാ ഹോട്ടലില്‍ എക്‌സിക്യൂട്ടീവ് ഷെഫായാണ് ആസിഫ് ജോലിക്ക് കയറിയത്. 50,000 രൂപ തനിക്ക് മാസശമ്പളം പറഞ്ഞിരുന്നുവെന്നും ഇതിനോടകം തന്നെ രണ്ട് ലക്ഷം രൂപ കിട്ടാനുണ്ടെന്നും ഇയാള്‍ പറയുന്നു. ലേബർ ഓഫീസിൽ പോയി പരാതി കൊടുത്തിട്ടും നടപടികളൊന്നുമുണ്ടായില്ലെന്ന് ആസിഫ് പറഞ്ഞു. ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഇന്ന് വൈകീട്ട് നാല് മണിക്ക് ശേഷമാണ് ഹോട്ടലിന് മുന്നില്‍ ആസിഫ് ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസ് കൃത്യ സമയത്ത് എത്തി ഇടപെട്ടത് വലിയ അപകടം ഒഴിവാക്കി. ഭാര്യയും മക്കളും ഒന്നിച്ചാണ് താമസം എന്നും ശമ്പളം ലഭിക്കാതെ ആയതോടെ ജീവിതം വഴിമുട്ടിയത് കൊണ്ടാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ആസിഫ് പറഞ്ഞു.
അതേസമയം ഹോട്ടല്‍ തുടങ്ങിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂവെന്നും പരാതി വ്യാജമാണെന്നുമാണ് ഹോട്ടല്‍ അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

