വഴിയില്ല; രോഗിയായ ഉഷയെ വീട്ടിലെത്തിക്കുന്നത് രണ്ടുപേർ ചുമന്ന്
text_fieldsകൂത്താട്ടുകുളം: രോഗിയായി കാല് മുറിച്ചുമാറ്റിയതോടെ മണ്ണത്തൂർ കുറ്റിക്കാട്ടേൽ കെ.സി. ഉഷക്ക് പുറത്തുപോകാനും വീട്ടിലെത്താനും രണ്ടുപേരുടെ സഹായം വേണം. വിധവയും ശാരീരിക വെല്ലുവിളിയും നേരിടുന്ന ഉഷയുടെ വീട്ടിലേക്ക് വഴിയില്ലാത്തതിനാലാണ് രണ്ടുപേർ ചുമന്ന് കൊണ്ടുേപാകേണ്ടി വരുന്നത്. രോഗം മൂർഛിച്ച് ഈ അടുത്ത നാളിലാണ് കാല് മുറിച്ചുമാറ്റിയത്. അസുഖ ബാധിതയായാൽ കസേരയിൽ ഇരുത്തി ചുമന്ന് റോഡിലെത്തിക്കാനേ മാർഗമുള്ളൂ.
വീൽചെയർ കൊണ്ടുപോകാനുള്ള വീതിയില്ലാത്ത തൊണ്ടിലൂടെയാണ് സഞ്ചാരം. തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന ഉഷക്ക് രണ്ട് പെൺമക്കളാണ്. കൂലിപ്പണിക്കാരായ മരുമക്കളും ബന്ധുക്കളുമാണ് ഉഷയെ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിൽ പോകാൻ ചുമന്ന് റോഡിലെത്തിക്കുന്നത്. മണ്ണത്തൂർ പള്ളിക്കവല കൊച്ചുപറമ്പിൽ ഭാഗത്ത് താമസിക്കുന്ന ഉഷയുടേതടക്കം അഞ്ച് ഹരിജൻ കുടുംബങ്ങളാണ് വഴിയില്ലാതെ പ്രയാസപ്പെടുന്നത്.
എം.വി.ഐ.പി കനാൽ റോഡിൽനിന്ന് ഓട്ടോ പോകാനുള്ള വഴിയെങ്കിലും വേണമെന്നാണ് ഇവരുെട ആവശ്യം.