കലാപഠനത്തിന് പുസ്തകമുണ്ട്; പഠിപ്പിക്കാനാളില്ല
text_fieldsമലപ്പുറം: സ്പെഷലിസ്റ്റ് അധ്യാപകരില്ലാത്തതിനാൽ സ്കൂളുകളിൽ പ്രതിസന്ധി രൂക്ഷം. ഫിസിക്കൽ എജുക്കേഷൻ, ചിത്രകല, സംഗീതം, വർക് എക്സ്പീരിയൻസ് വിഷയങ്ങളിലെ അധ്യാപകരുടെ കുറവാണ് വിദ്യാർഥികളെ വലക്കുന്നത്. സംഗീതാധ്യാപകരുടെ കുറവാണ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിലൊന്നും മതിയായ അധ്യാപകരില്ല. ഔദ്യോഗിക കണക്കുപ്രകാരം സംസ്ഥാനത്ത് 88 അധ്യാപകർ മാത്രമാണ് സംഗീതാധ്യാപനത്തിനുള്ളത്. ഒരു അധ്യാപകൻ പോലുമില്ലാത്ത ജില്ലകളുണ്ടെന്നും പി. ഉബൈദുല്ല എം.എൽ.എയുടെ സബ്മിഷന് മന്ത്രി വി. ശിവൻകുട്ടി നൽകിയ മറുപടിയിൽ അറിയിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാല് സംഗീതാധ്യാപകരാണുള്ളത്. ആലപ്പുഴയിൽ ഒന്നും തൃശൂർ, എറണാകുളം ജില്ലകളിൽ മൂന്നു വീതം അധ്യാപകരുമാണുള്ളത്. പത്തനംതിട്ട-13, പാലക്കാട് -10, മലപ്പുറം -24, കോഴിക്കോട് -17, കണ്ണൂർ -നാല്, കാസർക്കോട് -അഞ്ച് എന്നിങ്ങനെയാണ് സംഗീതാധ്യാപകരുടെ എണ്ണം. കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലെ വിദ്യാലയങ്ങളിൽ സംഗീതം പഠിപ്പിക്കാൻ ഒരു അധ്യാപകൻ പോലുമില്ല.
ഈ അധ്യയന വർഷം മുതൽ കലാവിദ്യാഭ്യാസത്തിന് അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലേക്ക് പാഠപുസ്തകം നൽകിയിട്ടുണ്ട്. പക്ഷേ, ആ വിഷയങ്ങൾ യോഗ്യരായ അധ്യാപകരിൽനിന്ന് പഠിക്കാനുള്ള അവസരം ഒരുക്കിയില്ല. പാഠപുസ്തകം ലഭിച്ചതോടെ വിദ്യാലയങ്ങളിൽ കലാപഠനത്തിന് പ്രത്യേക പീരിയഡ് അനുവദിച്ചിട്ടുണ്ട്. അധ്യാപകരില്ലാത്തതിൽ ഈ പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുകയാണ്. മലപ്പുറം ജില്ലയിൽ ചിത്രകലയിൽ പി.എസ്.സി വഴി 68 അധ്യാപകർക്ക് നിയമനം ലഭിച്ചപ്പോൾ സംഗീതപഠനത്തെ തഴഞ്ഞു. 20 സംഗീതാധ്യാപകർക്ക് മാത്രമാണ് അവസരം ലഭിച്ചത്.
500 വിദ്യാർഥികളുണ്ടെങ്കിൽ ഫിസിക്കൽ എജുക്കേഷൻ, ചിത്രകല, സംഗീതം വിഷയങ്ങളിൽ ഒരു അധ്യാപകനെ നിയമിക്കണമെന്നാണ് ചട്ടം. സംഗീത പഠനത്തിന് അധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനം നടത്താതിരുന്നാൽ കലാപഠനം പ്രഹസനമാകുമെന്ന് ആൾ കേരള സംഗീതാധ്യാപക കൂട്ടായ്മ പ്രസിഡൻറ് ഫൈസൽ ഇളയോടത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

