പോപുലർ ഫ്രണ്ടിന്റെ സ്വത്ത് കണ്ടുകെട്ടുന്ന നിയമനടപടിയോട് എതിർപ്പില്ല; അല്ലാത്തവരുടേത് കണ്ടുകെട്ടുന്നത് ശരിയല്ല -സാദിഖലി തങ്ങൾ
text_fieldsപോപുലർ ഫ്രണ്ട് അല്ലാത്തവരുടെ സ്വത്ത് കണ്ടുകെട്ടുന്നത് ശരിയല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ലീഗ് ജനപ്രതിനിധികളുടെ ഭൂമി കണ്ടുകെട്ടിയ നടപടി തിരുത്തണം. ഇതിനെതിരെ ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കും. പൊലീസ് വകുപ്പ് ഇത് പരിശോധിക്കണം. പോപുലർ ഫ്രണ്ടുകാരുടെ സ്വത്ത് കണ്ടുകെട്ടുന്ന നിയമപരമായ നടപടിയോട് എതിർപ്പില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ലീഗ് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടിയ നടപടിക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടിയും പി.എം.എ സലാമും നേരത്തെ രംഗത്ത് വന്നിരുന്നു. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന രീതിയാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പോപുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ ജനാധിപത്യവിരുദ്ധവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്നതിൽ ആർക്കും തർക്കമില്ല. എന്നാൽ അതിന്റെ പേരിൽ ഏതൊരാളുടെ മേലിലും കുതിരകയറാമെന്ന പൊലീസ് നയം വെച്ചുപൊറുപ്പിക്കാനാവില്ല. നിയമം നടപ്പാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. അല്ലാതെ നിരപരാധികളുടെ മേൽ അക്രമം കാണിക്കാനല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സോളിഡാരിറ്റി, വെൽഫെയർ പാർട്ടി, ഐ.എസ്.എം എന്നിവയും എസ്.കെ.എസ്.എസ്.എഫ് നേതാവും സ്വത്ത് കണ്ടുകെട്ടലിലെ അനീതിക്കെതിരെ രംഗത്തെത്തിയിരുന്നു.