റേഷൻകടകളിലേക്ക് 27 മുതൽ സാധനങ്ങൾ അയക്കേണ്ടതില്ല; സർക്കാറിന് നോട്ടീസ് നൽകി വ്യാപാരികൾ
text_fieldsതിരുവനന്തപുരം: വേതന പരിഷ്കരണമാവശ്യപ്പെട്ട് ഈ മാസം 27 മുതൽ റേഷൻകടകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്ന സാഹചര്യത്തിൽ അന്നുമുതൽ റേഷൻ കടകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ അയക്കേണ്ടതില്ലെന്ന് റേഷൻ ഡീലേഴ്സ് കോഓഡിനേഷൻ സംസ്ഥാന കമ്മിറ്റി സർക്കാറിനെ അറിയിച്ചു.
സമരവുമായി മുന്നോട്ടുപോകുമ്പോൾ വാതിൽപടി വിതരണത്തിനെത്തുന്ന റേഷൻ ഭക്ഷ്യധാന്യങ്ങൾ സ്വീകരിക്കാൻ നിർവാഹമില്ലാത്തതിനാലാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് ചെയർമാൻ ജി.സ്റ്റീഫൻ എം.എൽ.എയും ജന. കൺവീനർ അഡ്വ. ജോണി നെല്ലൂരും കത്തിൽ അറിയിച്ചു.
സമരത്തിന്റെ ഭാഗമായി 27 മുതൽ 30 വരെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളിൽ താലൂക്ക് കേന്ദ്രങ്ങളിലും റേഷൻ വ്യാപാരികൾ ധർണ നടത്തും. 31ന് വ്യാപാരികളും സെയിൽസ്മാന്മാരും കുടുംബത്തോടൊപ്പം സെക്രട്ടേറിയറ്റിലേക്കും മറ്റ് ജില്ലകളിൽ ജില്ല കേന്ദ്രങ്ങളിലും ബഹുജന മാർച്ചും ധർണയും നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
അതേസമയം, പ്രശ്നം പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയുടെ ദുരിതം അനുഭവിക്കേണ്ടിവരുന്നത് അടിസ്ഥാന ജനവിഭാഗമാണ്. സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമായ റേഷന്‍ വിതരണം അനിശ്ചിതത്തിലാകുന്നതോടെ, ഉയര്‍ന്ന വിലക്ക് പൊതുവിപണിയില്‍ നിന്ന് അരിവാങ്ങേണ്ട ദുരവസ്ഥയിലാണ് സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളെന്നും സുധാകരന് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.