പട്ടികയില്‍ പേരില്ല; തൃത്താലയില്‍ എൽ.ഡി.എഫ് സ്ഥാനാര്‍ഥി ‘ഔട്ട്’, മണിക്കൂറുകൾക്കുള്ളിൽ പുതിയ സ്ഥാനാർഥി
text_fieldsചാല്‍പുറത്ത് എൽ.ഡി.എഫ് ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥി റെയ്ഹാനത്ത്, പുതിയ സ്ഥാനാർഥി റസീന ഉബൈദ്
കൂറ്റനാട്: സ്ഥാനാര്‍ഥി നിര്‍ണയം, പിന്നാലെ ചുവരെഴുത്ത്, ഒന്നാംഘട്ട പ്രചരണവും നടത്തി. ഒടുവിലാണ് വോട്ടർപട്ടികയിൽ സ്ഥാനാർഥിയുടെ പേരില്ലെന്ന വിവരം അറിയുന്നത്. തൃത്താല മണ്ഡലത്തില്‍ നാഗലശ്ശേരി പഞ്ചായത്തിലെ നാലാംവാര്‍ഡ് ചാല്‍പുറത്താണ് സംഭവം.
കോഴിക്കോട് കോർപറേഷനിൽ സംവിധായകൻ വി.എം. വിനുവിനും യു.ഡി.എഫിനും പറ്റിയ അമളിയാണ് ചാൽപുറത്ത് സി.പി.എമ്മിനും പിണഞ്ഞത്. നാഗലശ്ശേരി പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നാണ് മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചത്. പ്രദേശവാസിയായ റെയ്ഹാനത്തായിരുന്നു ചാൽപുറം വാർഡിലെ സ്ഥാനാർഥി. പത്രിക സമർപ്പിക്കുന്ന വേളയിലാണ് വോട്ടർ പട്ടികയില്‍ റെയ്ഹാനത്തിന്‍റെ പേരില്ലെന്നത് ശ്രദ്ധയിൽപെടുന്നത്.
ഇതിനിടെ സ്ഥാനാർഥിയുമായി ഗ്രാമം ചുറ്റി പ്രകടനം നടത്തുകയും നാട്ടിലും വീട്ടിലും സ്വീകരണവും നൽകിയിരുന്നു. മണിക്കൂറുകൾക്കുള്ളിൽ പുതിയ സ്ഥാനാർഥിയെ കണ്ടെത്തിയാണ് സി.പി.എം പ്രശ്നം പരിഹരിച്ചത്. റസീന ഉബൈദാണ് പുതിയ സ്ഥാനാർഥി. നാലാം വാർഡിലെ സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള ചുമതല എൽ.സി സെക്രട്ടറിക്കായിരുന്നു. യു.ഡി.എഫിന് മേല്‍ക്കൈയുള്ള വാര്‍ഡാണിത്.
സംഭവം പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് പ്രാദേശിക നേതൃത്വം. മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്തി പ്രശ്നം പരിഹരിച്ചെങ്കിലും പിഴവ് അണികൾക്കിടയിലും എതിരാളികൾക്കിടയിലും നവമാധ്യമങ്ങളിലും ചർച്ചയായി. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് കോർപറേഷൻ മേയർ സ്ഥാനാർഥിയായി യു.ഡി.എഫ് പ്രഖ്യാപിച്ച വിനു നൽകിയ ഹരജി ഹൈകോടതി തള്ളിയിരുന്നു. ഒട്ടേറെ അവസരങ്ങളുണ്ടായിട്ടും അതിന് തയാറാകാതിരുന്ന ഹരജിക്കാരനെ വിമർശിച്ച കോടതി, സ്വന്തം കഴിവുകേട് മറച്ചുവെച്ച് മറ്റ് രാഷ്ട്രീയ കക്ഷികളെ കുറ്റപ്പെടുത്തരുതെന്നും നിർദേശിച്ചു. സെലിബ്രിറ്റിയാണോ അല്ലയോ എന്നതൊന്നും തീരുമാനത്തെ ബാധിക്കുന്ന ഘടകമല്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി.
സിനിമ സംവിധായകനാണെന്നും സെലിബ്രിറ്റിയായതിനാൽ വിജയിക്കാനും മേയറാകാനുമുള്ള സാധ്യതയുണ്ടെന്നും ഹരജിക്കാരന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ, സെലിബ്രിറ്റി പത്രം വായിക്കാറില്ലേയെന്ന് കോടതി ചോദിച്ചു. കോടതി ഇടപെട്ട വൈഷ്ണവി കേസിൽ ഹരജിക്കാരിയുടെ പേര് പ്രാഥമികപട്ടികയിൽ ഉണ്ടായിരുന്നു. പിന്നീടാണ് നീക്കംചെയ്യപ്പെട്ടത്. എന്നാൽ, ഹരജിക്കാരന്‍റെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്. എതിര്‍പ്പുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാമെന്നും വ്യക്തമാക്കി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കുടുംബസമേതം വോട്ട് ചെയ്തതാണെന്നും എതിർരാഷ്ട്രീയക്കാർ ഇടപെട്ട് തന്‍റെ പേര് ബോധപൂർവം ഒഴിവാക്കിയതാണെന്നുമായിരുന്നു വിനുവിന്‍റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

