എൽപിഎസ്ടി സമരം: ഇനി ചർച്ചക്ക് സാധ്യതയില്ല, മുഖ്യമന്ത്രി സംസാരിച്ചിട്ടും അവർ ആക്ഷേപം തുടരുന്നു -വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ
text_fieldsവിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ
തിരുവനന്തപുരം: നിയമനം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ ഉന്നയിക്കുന്ന ആക്ഷേപങ്ങളിൽ ഒരു വസ്തുതയും ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. മുഖ്യമന്ത്രി സംസാരിച്ചിട്ടും സമരക്കാർ ആക്ഷേപം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള സിസ്റ്റത്തിന്റെ കുഴപ്പങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇത് മാറ്റുന്നതിനായി പി.എസ്.സിയോട് സർക്കാർ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
‘റാങ്ക് ലിസ്റ്റിന് അനുസൃതമായി നിയമങ്ങൾ മാറ്റണമെന്നാണ് അവരുടെ ആവശ്യം. അത് സർക്കാരിന് ചെയ്യാൻ കഴിയില്ല. നിലവിലെ സംവിധാനമാണ് പ്രതിസന്ധിക്ക് കാരണം. അത് മാറ്റാൻ പിഎസ്‍സിയോട് ആവശ്യപ്പെടും. നിലവിൽ ചർച്ചയ്ക്കുള്ള സാഹചര്യം ഇല്ല’ -മന്ത്രി പറഞ്ഞു.
‘സമരക്കാർ വിവിധ തരത്തിലുള്ള ആരോപണങ്ങളും ആക്ഷേപങ്ങളും സർക്കാരിനെതിരെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതിൽ ഒരു വസ്തുതയും ഇല്ല. മൂന്നു കൊല്ലം കൂടുമ്പോൾ ഒഴിവുണ്ടെങ്കിലും ഇല്ലെങ്കിലും പിഎസ്സി റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നതാണ് സംസ്ഥാനത്തെ പതിവ്.
അത്തരത്തിലുള്ള പല റാങ്ക് ലിസ്റ്റുകളിലും കുറഞ്ഞ നിയമനങ്ങളേ ഉണ്ടായിട്ടുള്ളൂ. എൽപിഎസ്ടി റാങ്ക് ലിസ്റ്റ് ജില്ലാതലത്തിലാണ്. അവിടെ ഒഴിവുണ്ടാവട്ടെ ഇല്ലാതിരിക്കട്ടെ അതൊന്നും പരിഗണിക്കാതെ റാങ്ക് ലിസ്റ്റ് ഉണ്ടാക്കും. റാങ്ക് ലിസ്റ്റ് പുറത്തു വന്നാൽ ഒഴിവുണ്ടെങ്കിലേ ഏത് സർക്കാരിനും നിയമിക്കാൻ പറ്റൂ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒരാളെപോലും നിയമിക്കാത്ത നിരവധി റാങ്ക് ലിസ്റ്റുകൾ ഉണ്ടായിട്ടുണ്ട്. അത് ഈ സിസ്റ്റത്തിന്റെ ഒരു കുഴപ്പമാണ്. പിഎസ്‍സിയോട് ആ രീതി മാറ്റണമെന്ന് സർക്കാർ ഇതിനകം തന്നെ പറഞ്ഞിട്ടുണ്ട്. ഇനിയും ആ വിഷയത്തിൽ ഗൗരവമായ ചർച്ചകൾ നടക്കും.
ഈ റാങ്ക് ലിസ്റ്റ് 2025 മേയ് മാസത്തിൽ വന്നതാണ്. 2028 മേയ് മാസം വരെ കാലാവധിയുണ്ട്. ഒഴിവിനനുസരിച്ചുള്ള നിയമനങ്ങളാണ് നടക്കുക. നിലവിലുള്ള വിദ്യാർഥി അധ്യാപക അനുപാതം 1:35 ആണ്. ഒരു കുട്ടിയാണെങ്കിൽ പോലും ഗവൺമെന്റ് ഒരു ടീച്ചറെ അവിടെ നൽകും. നേരത്തെ 1:45 ആയിരുന്ന അനുപാതം 1:35 ആക്കി കുറച്ചതാണ്. അതുപ്രകാരമുള്ള നിയമനങ്ങളാണ് നടക്കുക.
മറ്റുള്ള ഡിപ്പാർട്ട്മെന്റുകളെ പോലെ ഒരു പോസ്റ്റിൽ പിന്നീട് എക്കാലത്തും നിയമനം നൽകുന്ന രീതിയല്ല വിദ്യാഭ്യാസ വകുപ്പിൽ. എല്ലാ വർഷവും കുട്ടികളുടെ എണ്ണം പരിശോധിച്ചിട്ടാണ് നിയമനങ്ങൾക്ക് അംഗീകാരം ലഭിക്കുക. വിദ്യാഭ്യാസ നിയമവും കെഇആർ റൂൾസും പ്രകാരമാണത്. കാലങ്ങളായിട്ട് അങ്ങനെ തന്നെയാണ് നടന്നുവരുന്നത്. ഇപ്പോൾ കുട്ടികളുടെ എണ്ണം സ്കൂളുകളിൽ കുറഞ്ഞുവരികയാണ്. അതിന് പല കാരണങ്ങളുണ്ട്. ജനനനിരക്ക് കേരളത്തിൽ വളരെ ഗണ്യമായി കുറയുകയാണ്. കുട്ടികളുടെ എണ്ണം കുറയുമ്പോൾ തസ്തിക നഷ്ടം ഉണ്ടാകും. ഡിവിഷൻ ഫോൾ ഉണ്ടാകും. പിഎസ്‍സി വ്യവസ്ഥ പ്രകാരം നിയമിച്ച അധ്യാപകരെ പ്രൊട്ടക്റ്റ് ചെയ്യാൻ ഗവൺമെന്റിന് ഉത്തരവാദിത്വം ഉണ്ട്. നഷ്ടപ്പെടുന്ന പോസ്റ്റുകളിലേക്ക് മറ്റു സ്ഥലങ്ങളിലേക്കുള്ള നിയമനങ്ങൾ വരുകയാണ്. അതാണ് കൂടുതൽ പിഎസ്‍സി നിയമനങ്ങൾ നടക്കാതെ പോകുന്നതിനുള്ള ഒരു കാരണം.
ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പലതവണ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഇവരുമായി വളരെ കൃത്യമായി ഞങ്ങൾ ചർച്ചകൾ നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതുപോലെ വിദ്യാഭ്യാസ മന്ത്രി ഇവരുമായി എട്ടു തവണയിൽ കൂടുതൽ ചർച്ച നടത്തിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്തും പിഎസ്‍സിക്കാരുടെ നിയമന പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഗവൺമെന്റ് ആരുമായും ചർച്ച ചെയ്യാൻ പോലും തയ്യാറായിട്ടില്ല. ഒരു സമരക്കാരെയും മൈൻഡ് ചെയ്തിട്ടില്ല. എന്നാൽ ഞങ്ങളുടെ സമീപനം അതല്ല. ഇപ്പോഴത്തെ ഈ എൽപിഎസ്ടി റാങ്ക് സമരക്കാരും അതിന്റെ മുന്നണിയിൽ നിൽക്കുന്നവരും ഒക്കെ എത്രയോ തവണ വന്നു ചർച്ച ചെയ്തു, പ്രശ്നങ്ങൾ വിശകലനം ചെയ്തു.
അവരുടെ റാങ്ക് ലിസ്റ്റിന് അനുസൃതമായി നിലവിലുള്ള നിയമങ്ങൾ എല്ലാം മാറ്റണം എന്നാണ് ഇപ്പോൾ അവരുടെ ആവശ്യം. അവർക്ക് നിയമനം കിട്ടാൻ വേണ്ടി നിലവിലുള്ള നിയമങ്ങളെല്ലാം മാറ്റണം എന്നാണ് പറയുന്നത്. അവർക്ക് നിയമനം കിട്ടണം, ജോലി കിട്ടണം എന്ന കാര്യത്തിൽ ഞങ്ങൾക്ക് താൽപര്യമുണ്ട്. അതിൽ സന്തോഷമേ ഉള്ളൂ.
പക്ഷേ ഈ നാടിന്റെ പൊതുസംഗതികളൊക്കെ നോക്കണ്ടേ? പൊതുകാര്യങ്ങളെല്ലാം നോക്കണ്ടേ? എല്ലാം പരിപാലിക്കണ്ടേ. മുഖ്യമന്ത്രി ഈ കാര്യത്തിൽ ഒരു കള്ളവും പറഞ്ഞിട്ടില്ല. ഈ പറയുന്നതൊക്കെ വസ്തുതയാണ്. അവരുമായി ചർച്ച നടത്തിയത് ഞാനാണ്. ചർച്ചയിൽ അഞ്ച് ഡിമാൻഡ് വെച്ചു, അതിൽ നാലും ഗവൺമെന്റ് സമ്മതിച്ചു ഉത്തരവായി. അഞ്ചാമത്തെ കാര്യം കൂടി സമ്മതിക്കാതെ ഞങ്ങൾ സമരം നിർത്തില്ല എന്ന് പറഞ്ഞ് അവരാണ് ഇറങ്ങിപ്പോയത്.
ആ നാല് കാര്യങ്ങളും സമ്മതിച്ചിടത്ത് തന്നെയാണ് ഞങ്ങൾ ഇപ്പോഴും നിൽക്കുന്നത്. ഉത്തരവ് ഇറക്കണമെങ്കിൽ സമരക്കാരുമായി ഒരു ധാരണയിൽ എത്തണം. നമ്മുടെ ചെറുപ്പക്കാരും ചെറുപ്പക്കാരികളും ഒക്കെ റോഡിൽ സമരത്തിൽ ഇരിക്കുകയാണെന്ന പരിഗണനയിലാണ് പറഞ്ഞ നാല് കാര്യങ്ങൾ ഞങ്ങൾ അംഗീകരിച്ചത്.
അവരുടെ പ്രശ്നം എന്താണെന്ന് ചോദിച്ചപ്പോൾ അഞ്ചു കാര്യം പറഞ്ഞു. അത് പഠിക്കാൻ 45 ദിവസം വേണമെന്ന് പറഞ്ഞു. 45 ദിവസം എടുത്തിട്ട് ഞങ്ങൾ അവരോട് പറഞ്ഞു, ഇതിൽ നാലെണ്ണം അംഗീകരിക്കാം. ചില സാമ്പത്തിക ബാധ്യത ഒക്കെയുള്ള വിഷയങ്ങളാണ് അംഗീകരിച്ചത്. പോസ്റ്റുകൾ പൂർണമായും റാങ്ക് ലിസ്റ്റുകാർക്ക് കൊടുക്കാം. നിലവിൽ അങ്ങനെയല്ല ഡെയിലി വേജസിന് ആളെ വെക്കുകയാണ്. അത് പിഎസ്സിയിൽ നിന്ന് നേരിട്ട് നിയമിക്കാം. എന്നിട്ടും അവർ പറഞ്ഞു അത് പോരാ, അധ്യാപക വിദ്യാർഥി അനുപാതം 1:25 ആക്കിയാലേ ഞങ്ങൾ സമരം നിർത്തൂ എന്ന്’ -മന്ത്രി പറഞ്ഞു.

