ഇനിയില്ല, സീനിയർ പ്രഫസർ; സർവകലാശാലകളിലെ സീനിയർ പ്രഫസർ തസ്തിക പിൻവലിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്
text_fieldsതിരുവനന്തപുരം: സർവകലാശാലകളിലെ സീനിയർ പ്രഫസർ തസ്തിക പിൻവലിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. യു.ജി.സിയുടെ ആറാമത് പേ റിവിഷൻ ഉത്തരവ് പ്രകാരം നടപ്പാക്കിയ പരിഷ്കാരമാണ് പിൻവലിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ 10 സർവകലാശാലകളിൽ ഉത്തരവ് പ്രാബല്യത്തിൽ വരും.
10 വർഷം പ്രഫസർ തസ്തികയിൽ തുടരുന്നവർക്കാണ് പ്രത്യേക അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ സീനിയർ പ്രഫസർ പദവി നൽകിയിരുന്നത്.
2019ൽ നടപ്പാക്കിയ ഏഴാം യു.ജി.സി പേ റിവിഷൻ ഉത്തരവിൽ സീനിയർ പ്രഫസർ പദവി തുടരുന്നുവെങ്കിലും സംസ്ഥാനം ഈ തസ്തിക തുടരാൻ അനുമതി നൽകിയിട്ടില്ലെന്നും അതുകൊണ്ട് സീനിയർ പ്രഫസർ പദവിയിൽ ഉദ്യോഗക്കയറ്റം പാടില്ലെന്നുമാണ് ഉത്തരവ്. 2019 ലെ ഉത്തരവ് പ്രകാരം സീനിയർ പദവി ലഭിച്ച നിരവധിപേർ ഇതിനകം വിരമിച്ചു. നിരവധി പേർ വിവിധ സർവകലാശാലകളിൽ സീനിയർ പ്രഫസർമാരായി തുടരുന്നുണ്ട്.
ഇവരുടെ പ്രമോഷൻ നിയമനം റദ്ദാക്കി കൈപ്പറ്റിയ അധിക ശമ്പളം തിരികെപ്പിടിക്കേണ്ടി വരും. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുക്കാൻ സർക്കാറിനെ നിർബന്ധിതമാക്കിയതെന്നാണ് ഉത്തരവിൽ പറയുന്നത്.
വി.സി നിയമനങ്ങളിൽ സീനിയർ പ്രഫസർ പദവി വഹിക്കുന്നവർക്ക് മുന്തിയ പരിഗണന ലഭിക്കാറുണ്ട്.കേരളത്തിന് പുറത്തുള്ള മറ്റ് സംസ്ഥാനങ്ങളിൽ സീനിയർ പ്രഫസർ തസ്തിക തുടരുമ്പോൾ കേരളത്തിലെ പ്രഫസർമാർക്ക് വി.സി, പി.വി.സി പദവികൾ ലഭിക്കുന്നതിന് സർക്കാറിന്റെ പുതിയ തീരുമാനം ദോഷകരമാകും. ഇതര സംസ്ഥാനങ്ങളിലുള്ള സീനിയർ പ്രഫസർമാരാകും ഈ തസ്തികളിലേക്ക് സ്വാഭാവികമായും പരിഗണിക്കപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

