സ്വയം ആധാരമെഴുത്ത് ഇനിയില്ല; ആധാരമെഴുത്തുകാർക്കും അഭിഭാഷകർക്കും മാത്രം അനുമതി
text_fieldsതിരുവനന്തപുരം: ഭൂമികൈമാറ്റം രജിസ്റ്റര്‍ ചെയ്യാന്‍ സ്വയം ആധാരം എഴുത്ത് സർക്കാർ നിർത്തലാക്കി. പകരം ഇനി ആധാരം എഴുത്തുകാരോ അഭിഭാഷകരോ വഴി മാത്രമേ ആധാരം എഴുതാനാകൂ. സബ് രജിസ്ട്രാർ ഓഫീസുകളില്‍ ഭൂമി കൈമാറ്റം രജിസ്റ്റര്‍ ചെയ്യാന്‍ ഫോം രൂപത്തിലുള്ള മാതൃക (ടെംപ്ലേറ്റ്) വഴി ചെയ്യാനുള്ള ഉത്തരവിലാണ് ആധാരം എഴുത്തുകാര്‍ക്കും അഭിഭാഷകര്‍ക്കും മാത്രമായി നിജപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ആധാരം എഴുതുന്നതിന് നിലവില്‍ ഉപയോഗിക്കുന്ന മാതൃകകള്‍ക്ക് പകരം സംസ്ഥാനത്ത് ഇനി ടെംപ്ലേറ്റ് രീതിയാക്കിയാണ് സര്‍ക്കാറിെൻറ പുതിയ ഉത്തരവ്. നിലവില്‍ ഡിജിറ്റല്‍ സർവെ പൂര്‍ത്തിയായ വില്ലേജുകളിലെ ഭൂമി കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നതിനാണ് ടെംപ്ലേറ്റ് നടപ്പിലാക്കുന്നത്. ഭൂമി കൈമാറ്റ രജിസ്ട്രേഷന്‍ വേഗത്തില്‍ സുതാര്യമായി നടപ്പിലാക്കുന്നതിനാണ് ടെംപ്ലേറ്റ് നടപ്പിലാക്കുന്നതെന്നാണ് രജിസ്ട്രേഷന്‍ വകുപ്പിന്‍റെ വാദം.
കാസര്‍കോട് ജില്ലയിലെ ബദിയുടുക്ക സബ് രജിസ്ട്രാർ ഓഫീസില്‍ ടെംപ്ലേറ്റ് സംവിധാനത്തിലൂടെ ആധാരം രജിസ്റ്റര്‍ ചെയ്തുതുടങ്ങിയിട്ടുള്ളതായും ഉത്തരവില്‍ പറയുന്നു. കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്ന ഭൂമിയുടെ വിവരങ്ങള്‍, മുന്നാധാര വിവരങ്ങള്‍ എന്നിവ ടെംപ്ലേറ്റ് ഫോമില്‍ ചേര്‍ത്ത് നല്‍കിയശേഷം സബ് രജിസ്ട്രാർ ഓഫീസിലേക്ക് ഓണ്‍ലൈനായി കൈമാറണം. കൈമാറ്റം ചെയ്യുന്ന ഭൂമിയുടെ ആധാരത്തിനുവേണ്ട സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും നല്‍കിയ ശേഷം ഭൂമി കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നവര്‍ രജിസ്റ്ററിങ് ഉദ്യോഗസ്ഥരുടെ മുന്നില്‍ സാക്ഷികള്‍ക്കൊപ്പം എത്തുമ്പോള്‍ രേഖകള്‍ പരിശോധിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി നല്‍കും. എന്‍റെ ഭൂമി പോര്‍ട്ടലില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങളുണ്ടെന്നാണ് ഉത്തരവില്‍ പറയുന്നത്
10 വര്‍ഷം മുമ്പാണ് ഭൂമി കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സ്വന്തമായി ആധാരം എഴുതി രജിസ്റ്റര്‍ ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയത്. ഇതിനായി മാതൃക ആധാരങ്ങളുടെ പകര്‍പ്പുകളും രജിസ്ട്രേഷന്‍ വകുപ്പ് സൈറ്റില്‍ നല്‍കിയിരുനു. എന്നാല്‍ സ്വയം ആധാരം എഴുതി ഭൂമി കൈമാറ്റം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ബാങ്കുകള്‍ വായ്പ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് മുഖം തിരിച്ചതോടെ ഇങ്ങനെ എഴുതുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ആധാരം എഴുത്ത് മേഖലയിലുള്ളവര്‍ ആധാരം തയാറാക്കിയിട്ടുപോലും പ്രതിവര്‍ഷം കാല്‍ ലക്ഷത്തിലേറെ തെറ്റുതിരുത്താധാരങ്ങള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്നതായി രജിസ്ട്രേഷന്‍ വകുപ്പിലുള്ളവര്‍ തന്നെ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

