ഓടിയെത്താൻ ഇനി ‘മക്കു’വില്ല
text_fieldsതുമ്പ കിൻഫ്ര പാർക്കിൽ രക്ഷാപ്രവർത്തനത്തിനിടെ കെട്ടിടത്തിന്റെ ഭിത്തി തകർന്നുവീണ് മരിച്ച അഗ്നിശമന സേനാംഗം ജെ.എസ്. രഞ്ജിത്തിന്റെ മൃതദേഹം പൊതുദർശനത്തിനു ശേഷം ചാക്ക ഫയർ സ്റ്റേഷനിൽനിന്ന് വസതിയിലേക്ക് കൊണ്ടുപോകുമ്പോൾ വാട്ടർ സല്യൂട്ട് നൽകുന്നു -പി.ബി. ബിജു
ആറ്റിങ്ങൽ: ജോലിക്കിടയിൽ അപകടത്തിൽ മരിച്ച ഫയർമാൻ രഞ്ജിത്ത് വീട്ടുകാർക്കും നാട്ടുകാർക്കുമിടയിൽ അറിയപ്പെടുന്നത് ‘മക്കു’ എന്ന വിളിപ്പേരിൽ. വീട്ടിലും നാട്ടിലും സഹായിയായും കാര്യസ്ഥനായും സംഘാടകനായും സജീവമായിരുന്നു രഞ്ജിത്ത്. അതിനാൽ ഏവർക്കും പ്രിയങ്കരനായിരുന്നു.
അടുത്ത വീടുകളിലെ എല്ലാ കുട്ടികളെയും നീന്തൽ പഠിപ്പിച്ചു. സമീപത്തെ ഭൂരിഭാഗം ചെറുപ്പക്കാർക്കും ഡ്രൈവിങ് പഠിപ്പിച്ചതും രഞ്ജിത്ത് തന്നെ.
ഒരു മാസം മുമ്പ് ജ്യേഷ്ഠന്റെ വിവാഹം നടന്നപ്പോൾ എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിച്ചതും രഞ്ജിത്താണ്. ആറ്റിങ്ങലിലെ ഏറ്റവും സജീവമായ ചല്ലഞ്ചേഴ്സ് സ്പോർട്സ് ക്ലബിന്റെ മുഖ്യ സംഘാടകനായിരുന്നു. നിലവിൽ ട്രഷററായ രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് മുപ്പതോളം ദക്ഷിണേന്ത്യൻ ടീമുകൾ പങ്കെടുക്കുന്ന കേരളത്തിലെ പ്രധാന ഫ്ലഡ് ലൈറ്റ് ടൂർണമെന്റ് ആറ്റിങ്ങലിൽ നടന്നിരുന്നത്. രഞ്ജിത്തിന്റെ അകാലമരണം സഹപ്രവർത്തകർക്കും കൂട്ടുകാർക്കും കരിച്ചിയിലെന്ന കൊച്ചുപ്രദേശത്തിനും താങ്ങാവുന്നതിലപ്പുറമാണ്.