ഇനി തെരഞ്ഞെടുപ്പ് ഗോദയിലേക്കില്ല, മത്സരിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നത് സീറ്റുമോഹികൾ -പി.ജെ. കുര്യൻ
text_fieldsപത്തനംതിട്ട: ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ. കുര്യൻ. മത്സരിക്കുന്നില്ലെന്ന് 1999ൽ തീരുമാനിച്ചതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുവല്ല സീറ്റിൽ മത്സരിക്കാൻ കെ.പി.സി.സി പ്രസിഡന്റ് അന്നത്തെ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞപ്പോൾ താൽപര്യം ഇല്ലെന്ന് രേഖാമൂലം അറിയിച്ചു.
സീറ്റ് കേരള കോൺഗ്രസിന്റേതായതിനാൽ പി.ജെ. ജോസഫ് വിളിച്ചപ്പോഴും രമേശ് ചെന്നിത്തലയും എ.കെ. ആന്റണിയുമൊക്കെ ആവശ്യപ്പെട്ടപ്പോഴും നിലപാടിൽ മാറ്റമില്ലെന്ന് അറിയിച്ചതാണ്. ചില സ്ഥാനാർഥി മോഹികളാണ് താൻ മത്സരിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നത്. പത്തനംതിട്ട പ്രസ്ക്ലബിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇനിയുള്ള കാലം ഒന്നും പ്രതീക്ഷിക്കാതെ പാർട്ടിയിൽ പ്രവർത്തിക്കും. ഗ്രൂപ് അടിസ്ഥാനത്തിൽ സീറ്റ് നൽകുന്നതിനോട് യോജിപ്പില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ താൻ സ്ഥാനാർഥികളുടെ പേരുകൾ നൽകിയിട്ടില്ല. യുവാക്കൾക്ക് സീറ്റ് കൊടുക്കുന്നതിനോട് യോജിപ്പാണ്. എന്നാൽ, ചെറുപ്പം മാത്രം പോരാ, അനുഭവസമ്പത്തും വേണം.
രാഹുലിനെ അയോഗ്യനാക്കാൻ ലോക്സഭ സെക്രട്ടേറിയറ്റിന് അധികാരമില്ല
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ ലോക്സഭ സെക്രട്ടേറിയറ്റിന് അധികാരമില്ല. കോടതി വിധി ഉണ്ടായാൽപോലും അതിന് സാധിക്കില്ല. പ്രസിഡന്റിന് മാത്രമാണ് അതിന് അധികാരം. ഇതിനെതിരെ മേൽകോടതിയിൽ അപ്പീൽ നൽകാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. കേസ് നടത്തിപ്പിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിച്ച് പരിഹരിക്കണം. കേസ് അൽപംകൂടി ഗൗരവത്തിൽ കാണേണ്ടതായിരുന്നു. ഇത്തരമൊരു വിധി ആരും പ്രതീക്ഷിച്ചില്ല. കുറ്റത്തിന് ആനുപാതികമായ ശിക്ഷയല്ല ഇത്. സാമാന്യ ബുദ്ധിയുള്ള ആർക്കും ഇത് മനസ്സിലാകും.
ജില്ലയിൽ അഞ്ച് സീറ്റിലും ജയിക്കും
ജില്ലയിൽ അഞ്ച് സീറ്റിലും യു.ഡി.എഫിന് ജയിക്കാൻ കഴിയുന്ന സാഹചര്യമാണുള്ളത്. തിരുവല്ല സീറ്റ് കോൺഗ്രസ് ഏറ്റെടുത്ത് യുവാക്കളെ നിർത്തണമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിലും നിർദേശിച്ചതാണ്. ഭാരത് ജോഡോ യാത്ര പുതുഅനുഭവം തന്നെയാണ്. ആദിശങ്കരന് ശേഷം രാഹുൽ മാത്രമാണ് ഇത്തരമൊരു യാത്ര നടത്തിയത്.
ജനങ്ങൾക്ക് രഹുൽ ഗാന്ധിയിൽ പ്രതീക്ഷയുണ്ട്. എ.കെ. ആന്റണിയുടെ മകൻ ബി.ജെ.പിയിൽ പോകുമെന്ന് കരുതുന്നില്ല. കെ. മുരളീധരൻ കോൺഗ്രസിലെ നല്ല നേതാവാണ്. വൈക്കത്തെ സമ്മേളനത്തിൽ പ്രസംഗിക്കാൻ എല്ലാവർക്കും അവസരം ലഭിക്കില്ല. പ്രസംഗിക്കാൻ അർഹതയുള്ള ധാരാളം പേർ വേദിയിലുണ്ടായിരുന്നു.
ചിലർ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നു
താൻ ചെയർമാനായ രാജീവ് ഗാന്ധി ഗുഡ്വിൽ ചാരിറ്റബിൾ ടസ്റ്റിനെക്കുറിച്ച് ചിലർ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2013ൽ സ്ഥാപിതമായ ട്രസ്റ്റ് ഇതിനകം തന്നെ അർബുദ ബാധിതർ ഉൾപ്പെടെ 657 രോഗികൾക്ക് ചികിത്സക്കും 190 കുട്ടികൾക്ക് വിദ്യാഭ്യാസത്തിനും 120 പെൺകുട്ടികൾക്ക് വിവാഹത്തിനും 58 കുടുംബത്തിന് ഭവന നിർമാണത്തിനും സഹായം നൽകിയിട്ടുണ്ട്. കിഡ്നി രോഗികൾക്ക് തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും മല്ലപ്പള്ളി ജോർജ് മാത്തൻ ആശുപത്രിയിലുമായി ഇതുവരെ 5650 സൗജന്യ ഡയാലിസിസ് നൽകിയിട്ടുണ്ട്.
ജില്ലയിലും പുറത്തുമായി കോവിഡ് കാലത്ത് 14 ലക്ഷം രൂപയുടെ സഹായവും 2018ലെ വെള്ളപ്പൊക്കകാലത്ത് 7.5 ലക്ഷം രൂപയുടെ ഭക്ഷ്യക്കിറ്റും വിതരണം ചെയ്തിട്ടുണ്ട്. സംഭാവന ചെക്ക് മുഖേനയോ ബാങ്ക് മുഖേനയോ മാത്രമാണ് സ്വീകരിക്കുന്നത്. വർഷവും കണക്ക് കൃത്യമായി ഓഡിറ്റ് ചെയ്യുന്നുണ്ടെന്നും പി.ജെ. കുര്യൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

