ഇലക്ഷൻ കഴിഞ്ഞിട്ട് മാസങ്ങൾ; തെരഞ്ഞെടുപ്പ് നടത്തിപ്പിന് വിനിയോഗിച്ച സ്വകാര്യ വാഹനങ്ങൾക്ക് പണം ലഭിച്ചില്ല
text_fieldsപ്രതീകാത്മക ചിത്രം
കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിവിധങ്ങളായ സേവനങ്ങൾചെയ്ത ഉദ്യോഗസ്ഥർക്കും ഇലക്ഷൻ നടത്തിപ്പിന് വിനിയോഗിച്ച സ്വകാര്യ വാഹനങ്ങൾക്കും പണം ലഭിച്ചില്ലെന്ന് പരാതി. ‘പന്തലായനി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കൊയിലാണ്ടി മാപ്പിള ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ പോളിങ് ബൂത്തിലേക്ക് കൊണ്ടുപോവുകയും കൊണ്ടുവരുകയും മറ്റു വിവിധങ്ങളായ ഇലക്ഷൻ ആവശ്യങ്ങൾക്കായി വാഹനങ്ങൾ വിട്ടുനൽകിയ ഉടമകൾക്കും ഡ്രൈവർമാർക്കും ആണ് കൂലിയും വാടകയും ലഭിക്കാത്തത്.
പ്രായാധിക്യമുള്ള ആളുകൾക്ക് വീട്ടിൽനിന്ന് വോട്ട് രേഖപ്പെടുത്താൻ ഉദ്യോഗസ്ഥരുമായി ഓടിയ വാഹനങ്ങൾക്ക് കൃത്യമായി പണം ലഭിച്ചിട്ടുണ്ടെന്നും എന്നാൽ വോട്ടിങ് ദിവസത്തിന്റെ തലേന്നും തെരഞ്ഞെടുപ്പ് ദിവസവും ജോലി ചെയ്തവർക്കാണ് വാഹനത്തിന്റെചാർജ് ലഭിക്കാത്തത്. ഇതോടൊപ്പം റൂട്ട് ഓഫിസർമാരായി ജോലിചെയ്ത ഉദ്യോഗസ്ഥർ പോളിങ് അസിസ്റ്റന്റുമാർ എന്നിവർക്കും പണം ലഭിച്ചില്ലെന്ന് പരാതിയായിരുന്നു. വേതനം ലഭിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിച്ചപ്പോൾ ആദ്യമൊക്കെ ഫണ്ട് അലോട്ട്മെൻറ് ആകുന്ന മുറക്ക് പണം അക്കൗണ്ടിൽ കയറുമെന്നാണ് പറഞ്ഞിരുന്നത്.
എന്നാൽ ഇക്കാര്യം സംബന്ധിച്ച് നിലവിൽ ഒരു മറുപടിയും എവിടെനിന്നും ലഭിക്കുന്നില്ലെന്നും വാഹനമുടമകൾ പറയുന്നു. പലരും വാടകക്കെടുത്ത വാഹനം സ്വന്തം കീശയിലെ പണം ഉപയോഗിച്ച് ഇന്ധനം അടിച്ചാണ് ഡ്യൂട്ടിക്ക് വിനിയോഗിച്ചത്. തങ്ങളെ ജോലിക്ക് നിയോഗിച്ച ഓഫിസുകളിൽനിന്ന് ഇക്കാര്യത്താൽ കൃത്യമായ മറുപടി ഉണ്ടാകുന്നില്ലെന്നും പരാതി ഉയരുന്നു. ഇലക്ഷൻ ദിവസം ഫസ്റ്റ് പോളിങ് ഓഫിസർ, പ്രിസൈഡിങ് ഓഫിസർ എന്നിവരായി പ്രവർത്തിച്ചവർക്ക് അന്നുതന്നെ വേതനം അക്കൗണ്ടിൽ എത്തിയപ്പോഴാണ് കീഴ്ജീവനക്കാർക്ക് പണം ലഭിക്കാതെപോകുന്നത് ഒരേ തൊഴിലിന് വേതനത്തിന്റെ കാര്യത്തിൽ രണ്ട് രീതി എന്നത് വിചിത്രമാണെന്ന് ജീവനക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

