ഊണില്ല, ചായയില്ല, കാപ്പിയില്ല; എൽ.പി.ജി ക്ഷാമം രൂക്ഷം, കോഫി ഹൗസിലെ മെനു വെട്ടിച്ചുരുക്കി
text_fieldsതൃശൂർ: പശ്ചിമേഷ്യൻ സംഘർഷം കേരളത്തിന്‍റെ ആഹാരത്തെയും ബാധിച്ചു തുടങ്ങി. രാജ്യമെമ്പാടുമുള്ള പാചക വാതക ക്ഷാമത്തിൽ ഹോട്ടലുകളും റെസ്റ്റോറന്‍റുകളും മെനു വെട്ടിച്ചുരുക്കി. കോഫി ഹൗസ് ശൃംഖലകളെയും പ്രതിസന്ധി ബാധിച്ചു തുടങ്ങി. കോഫി ഹൗസിന്‍റെ മിക്ക ശാഖകളിലും ഒന്ന് രണ്ട് ദിവസത്തേക്കുള്ള പാചകവാകം മാത്രമാണ് സ്റ്റോക്കുള്ളത് എന്നാണ് പ്രാഥമിക വിവരം.
ഇതോടെ മെനു വെട്ടിച്ചുരുക്കിയിരിക്കുകയാണ് കോഫി ഹൗസ്. പ്രതിസന്ധി മാറുന്നതുവരെ ഉച്ചയൂണ് ഒഴിവാക്കുകയാണെന്ന് കോഫി ഹൗസ് അധികൃതർ അറിയിച്ചു. ഉച്ച സമയത്ത് പകൽ 12 മുതൽ മൂന്നുവരെ ചായയും കാപ്പിയുമില്ല. ഊണിന് പകരം ബിരിയാണി മാത്രമായിരിക്കും ലഭ്യമാകുക.
ദോശയും നെയ്റോസ്റ്റുമൊക്കെ മെനുവിൽ നിന്ന് പുറത്തായി. കട്‌ലറ്റും വടയും ലഭിക്കും. സ്ഥിതി വിലയിരുത്തിയ ശേഷം മെനുവിൽ മാറ്റം വരുത്തുമെന്ന് ഇന്ത്യൻ കോഫി ഹൗസ് മാനേജർ സേതു പറഞ്ഞു. പ്രവർത്തനം തടസപ്പെടാതിരിക്കാൻ വിറക് അടുപ്പിലുണ്ടാക്കിയ ഭക്ഷണം പുറത്തുനിന്ന് എത്തിക്കാനും ശ്രമിക്കുന്നുണ്ട്.
തമിഴ്നാട്ടിൽ നിന്ന് ഗ്യാസ് സിലിണ്ടറുകൾ എത്തിക്കാനുള്ള വഴികളും ആലോചനയിലുണ്ട്. 45 ശാഖകളിലേക്ക് ഒരുമാസം അഞ്ചായിരത്തോളം സിലിണ്ടറുകളാണ് കോഫി ഹൗസിന് ആവശ്യമായി വരുന്നത്. ചെറുകിട ചായക്കടകളെയും എൽ.പി.ജി ക്ഷാമം ബാധിച്ചു. രണ്ട് ദിവസം കൂടി തൽസ്ഥിതി തുടർന്നാൽ സാഹചര്യം വീണ്ടും മോശമാകും.
അതേസമയം, രാജ്യത്ത് ഇൻഡക്ഷൻ കുക്കറിന്‍റെയും ഇലക്ട്രിക് കെറ്റിലുകളുടെയും വിൽപന കുത്തനെ ഉയർന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇൻഡക്ഷൻ കുക്കറിന്‍റെ ഡിമാൻഡ് മൂന്നിരട്ടിയായി വർധിച്ചതായി ടാറ്റ ഗ്രൂപ്പിന്റെ ക്രോമ അറിയിച്ചു. ജനപ്രിയ അടുക്കള ഉപകരണ ബ്രാൻഡായ പിജിയണിന്റെ മാതൃ കമ്പനിയായ സ്റ്റൗക്രാഫ്റ്റ് ലിമിറ്റഡ് അവരുടെ ശരാശരി പ്രതിവാര ഓൺലൈൻ വിൽപ്പന നാല് മടങ്ങ് വർധിച്ചതായി പറഞ്ഞു.
മിഡിൽ ഈസ്റ്റിൽ സംഘർഷങ്ങൾ ആരംഭിച്ചതിനുശേഷം ഇ-കൊമേഴ്‌സ് സൈറ്റുകളിൽ ഇൻഡക്ഷൻ കുക്ക്‌ടോപ്പുകളുടെ ശരാശരി പ്രതിവാര വിൽപനയിൽ നാലിരട്ടി വർധനവ് ഉണ്ടായതായി സ്റ്റൗക്രാഫ്റ്റ് മാനേജിംഗ് ഡയറക്ടർ രാജേന്ദ്ര ഗാന്ധി പറഞ്ഞു. കർണാടകയിലെ ഹരോഹള്ളിയിലുള്ള നിർമാണ കേന്ദ്രത്തിൽ കമ്പനി നിലവിൽ ഏകദേശം 2 ലക്ഷം യൂണിറ്റ് ഇൻഡക്ഷൻ കുക്ക്‌ടോപ്പുകൾ നിർമ്മിക്കുന്നുണ്ട്. വരും നാളുകളിൽ ഇത് വർധിപ്പിക്കാനാണ് നീക്കം. ബദൽ പാചക ഉപകരണങ്ങളിലേക്കുള്ള ഉപഭോക്താക്കളുടെ മാറ്റം ഇനിയും തുടരുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ.
പതിവില്ലാത്ത വിധം ഉപഭോക്താക്കൾ ഒരേസമയം ഒന്നിലധികം ഉൽപന്നങ്ങൾ വാങ്ങുന്നുണ്ടെന്നും ഇത് മുൻകരുതൽ വാങ്ങലുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇലക്ട്രിക് കെറ്റിലുകളുടെ വിൽപനയും ഇരട്ടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

