അതെന്താ, പട്ടികജാതിക്കാർ മേയറായാൽ?
text_fieldsകോഴിക്കോട്: തദ്ദേശസ്ഥാപനങ്ങളിൽ സംവരണം നിലവിൽവന്നിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും മേയർ പദവിയിലേക്ക് പട്ടികജാതിക്കാർക്ക് പ്രവേശനമില്ല. കേരളത്തിൽ വനിത സംവരണം 50 ശതമാനമായി ഉയർത്തുകയും പട്ടികജാതി വനിതകൾക്കും അതിന് ആനുപാതികമായി തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷ പദവിയിലെത്താനായെങ്കിലും സംസ്ഥാനത്തെ ആറ് കോർപറേഷൻ മേയർ പദവിയിൽ ഒരെണ്ണം പോലും ഇത്തവണയും പട്ടികജാതിക്കാർക്ക് സംവരണം ചെയ്തിട്ടില്ല.
സംസ്ഥാനത്ത് ആകെ 941 ഗ്രാമപഞ്ചായത്തുകളാണുള്ളത്. ഇതിൽ 417 എണ്ണത്തിന്റെ പ്രസിഡന്റ് സ്ഥാനം വനിതകൾക്ക് സംവരണം ചെയ്തതാണ്. ഇതിനു പുറമെ 46 എണ്ണത്തിൽ പ്രസിഡന്റ് സ്ഥാനം പട്ടികജാതിക്കാർക്കും 46 എണ്ണം പട്ടികജാതി വനിതകൾക്കും സംവരണം ചെയ്തിട്ടുണ്ട്. എട്ട് പഞ്ചായത്തുകളിൽ പട്ടികവർഗത്തിനും എട്ടെണ്ണത്തിൽ പട്ടികവർഗ വനിതകൾക്കുമാണ് പ്രസിഡന്റ് പദവി. ബ്ലോക്ക് പഞ്ചായത്തുകളിൽ ആകെയുള്ള 152ൽ 67 ഇടത്താണ് വനിത സംവരണം. ഏഴിടത്ത് പട്ടികജാതിക്കും എട്ടിടത്ത് പട്ടികജാതി വനിതകൾക്കും ഒരിടത്ത് പട്ടികവർഗത്തിനും രണ്ടിടത്ത് പട്ടികവർഗ വനിതകൾക്കും പ്രസിഡന്റ് സ്ഥാനത്ത് സംവരണമുണ്ട്.
14 ജില്ല പഞ്ചായത്ത് പ്രസിഡന്റുമാരിൽ ഏഴെണ്ണത്തിൽ വനിത സംവരണവും ഒരിടത്ത് പട്ടികജാതി സംവരണവുമാണ്. 87 മുനിസിപ്പാലിറ്റികളുള്ളതിൽ 41 എണ്ണത്തിലാണ് വനിത സംവരണം. മൂന്നിടത്ത് പട്ടികജാതിക്കാരും മൂന്നെണ്ണത്തിൽ പട്ടികജാതി വനിതകളും അധ്യക്ഷ പദവിയിലെത്തും. ഒരിടത്ത് പട്ടികവർഗത്തിൽ നിന്നുള്ളവരും.
പ്രസിഡന്റ് /അധ്യക്ഷ പദവികളിലേക്ക് വനിത സംവരണത്തിനു പുറമേ പട്ടികജാതി, പട്ടികവർഗ സംവരണം 11 ശതമാനത്തിന് മുകളിൽവരും. ഇതനുസരിച്ച് നോക്കുകയാണെങ്കിൽ രണ്ട് തെരഞ്ഞെടുപ്പ് കൂടുമ്പോഴെങ്കിലും ഒരു മേയർ സ്ഥാനം പട്ടികജാതിക്കാർക്ക് സംവരണം ചെയ്യേണ്ടതാണ്. എന്നാൽ, സംവരണം 33 ശതമാനത്തിൽനിന്ന് 50 ശതമാനമായി ഉയർത്തിയതിനുശേഷം മൂന്ന് തെരഞ്ഞെടുപ്പുകൾ കഴിഞ്ഞു. നാലാമത്തേതാണ് വരാനിരിക്കുന്നത്. എന്നിട്ടും ഈ അനീതി തിരുത്തിയിട്ടില്ല.
കോർപറേഷനിൽ പട്ടികവർഗക്കാർ ഇല്ല. കോർപറേഷൻ പരിധിയിൽ ചിലയിടത്ത് ഒന്നോ രണ്ടോ കുടുംബങ്ങൾ വന്നിട്ടുണ്ട്. അത് സർക്കാർ ജോലിയുമായി ബന്ധപ്പെട്ട് ആയിരിക്കും. ആദിവാസികൾ നഗര ജീവിതത്തിലേക്ക് എത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

