Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അരിയിൽ ഷുക്കൂർ വധക്കേസ് നടത്തിപ്പിൽ വീഴ്ച ഉണ്ടായിട്ടില്ല; നിയമപോരാട്ടം തുടരുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
അരിയിൽ ഷുക്കൂർ വധക്കേസ് നടത്തിപ്പിൽ വീഴ്ച ഉണ്ടായിട്ടില്ല; നിയമപോരാട്ടം തുടരുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
cancel

തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും നിയമപോരാട്ടം ശക്തമായി തുടരുമെന്നും മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി . കേസിൽ കോടതി വിധി വന്നതിനു പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൃഗീയവും പൈശാചികവുമായ കൊലപാതകമാണ് അരിയിൽ ഷുക്കൂറിന്റേതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. എന്നാൽ, സാക്ഷികൾ കോടതിയിൽ ഹാജരാകാതിരുന്നതാണ് കേസിന് തിരിച്ചടിയായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പലരും കോടതിയുടെ വരാന്തയിൽ എത്തിയശേഷം ഭയന്ന് മടങ്ങിപ്പോയിട്ടുണ്ട്. സാക്ഷികൾക്ക് ഭീഷണിയുണ്ടായിരുന്നു എന്നത് നഗ്നമായ സത്യമാണ്.

ഗൂഢാലോചനയുമായി ബന്ധപ്പെട്ട വിഷയത്തിൽ മേൽക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നിഷ്കളങ്കനായ ഒരു യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ആവശ്യമായ എല്ലാ നിയമനടപടികളും പാർട്ടി സ്വീകരിക്കും. വിധിപ്പകർപ്പിന്റെ പൂർണ്രൂപം ലഭിച്ചശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

തുടക്കത്തിൽ പൊലീസിന്റെ അന്വേഷണ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായെന്ന ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. സാക്ഷികളെ ഭീഷണിപ്പെടുത്തിയതും അവർ കോടതിയിലെത്താതിരുന്നതുമാണ് തിരിച്ചടികൾക്ക് കാരണം. വിഷയത്തിൽ പാർട്ടി വെറുതെയിരിക്കില്ലെന്നും നിയമപരമായ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, എം.എസ്.എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ പരസ്യവിചാരണ നടത്തി ​കൊലപ്പെടുത്തിയ കേസിൽ 32ാം പ്രതിയായ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജന്‍, 33ാം പ്രതി ടി.വി. രാജേഷ്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത് എന്നിവരെ വെറുതെ വിട്ടു. 13 പ്രതികൾ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. മറ്റുപ്രതികളെ വെറുതെ വിട്ടു. ഒന്നര പതിറ്റാണ്ടോളം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് എറണാകുളത്തെ സി.ബി.ഐ പ്രത്യേക കോടതി വിധി പറഞ്ഞത്.

പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റങ്ങളാണ് സി.ബി.ഐ ചുമത്തിയത്. കേസിൽനിന്ന് വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഇരുവരുടെയും ഹരജി പ്രത്യേക സി.ബി.ഐ കോടതി തള്ളിയിരുന്നു.

2012 ഫെബ്രുവരി 20ന് വൈകീട്ട് മൂന്നോടെയാണ് കണ്ണപുരം കീഴറ വള്ളുവൻകടവിൽ 21കാരനായ യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ കൊല്ലപ്പെടുന്നത്. പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനം ചിലർ തടഞ്ഞിരുന്നു. ഇതിന് പിന്നാലെ കീഴറ വള്ളുവൻകടവിലൂടെ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ഷുക്കൂറിനെ പിടികൂടി പരസ്യ വിചാരണ ചെയ്ത് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315ാം നമ്പര്‍ മുറിയില്‍ ഇരുനേതാക്കളും ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. 33 പ്രതികളില്‍ രണ്ടുപേര്‍ മരിച്ചതിനാല്‍ 31 പേരാണ് വിചാരണ നേരിട്ടത്. 2025 മേയ് അഞ്ചിന് തുടങ്ങിയ വിചാരണ 17 മാസം നീണ്ടു. 41 സാക്ഷികളെ വിസ്തരിച്ചു.

81 സാക്ഷികളും 238 രേഖകളും 21 തൊണ്ടികളും ഹാജരാക്കി. കൊല്ലപ്പെടുന്ന സമയത്ത് ഷുക്കൂറിനൊപ്പമുണ്ടായിരുന്ന സുഹൃത്തും ദൃക്സാക്ഷിയുമായ സക്കറിയയാണ് പ്രധാന സാക്ഷി. ആദ്യം ലോക്കൽ പൊലീസാണ് കേസ് അന്വേഷിച്ചത്. ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ഹൈകോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്. 2019 ഫെബ്രുവരിയില്‍ സി.ബി.ഐ കുറ്റപത്രം നല്‍കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - No lapse in Shukoor case, legal fight will continue: Kunhalikutty
Next Story