അഞ്ചൽ: ഒരുകോടതി വിധിക്കും തങ്ങൾക്ക് നഷ്ടപ്പെട്ട മകളെ തിരിച്ചു തരാനാകില്ലല്ലോയെന്ന് ഉത്രയുടെ മാതാവ് മണിമേഖല ടീച്ചർ. ഉത്ര വധക്കേസിലെ കോടതി വിധിയിൽ സംതൃപ്തിയുണ്ടെന്നും ബുധനാഴ്ച നടക്കാനിരിക്കുന്ന ശിക്ഷാവിധിയിൽ പരമമായ ശിക്ഷ തന്നെ കോടതി നൽകുമെന്ന പ്രതീക്ഷയാണുള്ളതെന്നും അവർ പറഞ്ഞു.
ഉത്രയെ (22) മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയും ഭർത്താവുമായ സൂരജ് കുറ്റക്കാരനാണെന്ന് കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ഇന്ന് വിധിച്ചിരുന്നു. ബുധനാഴ്ചയാണ് ശിക്ഷാവിധി.
സൂരജിനെതിരെ പ്രോസിക്യൂഷൻ ആരോപിച്ച കൊലപാതകം, കൊലപാതക ശ്രമം, വിഷം നൽകി പരിക്കേൽപ്പിക്കൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. ഒന്നര വർഷം നീണ്ട വിചാരണക്ക് ശേഷമാണ് ഏറെ പ്രത്യേകതയുള്ള കേസിൽ കോടതി വിധി പുറപ്പെടുവിച്ചത്.
കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ജഡ്ജി ആരാഞ്ഞപ്പോൾ, തനിക്ക് അച്ഛനും അമ്മയും സഹോദരിയും മാത്രമേ ഉള്ളൂവെന്ന് സൂരജ് മറുപടി നൽകി.
പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. വിചിത്രവും പൈശാചികവും ദാരുണവുമായ കൊലപാതകം, വിശ്വസിക്കുന്ന ആളെ വഞ്ചിക്കുക, വേറെ വിവാഹം കഴിക്കുന്നതിനായി കൊലപാതകം (സ്ത്രീധന കൊലപാതകം) നടത്തുക, സ്ത്രീയുടെയോ കുട്ടിയുടെയോ നേരെ കുറ്റകൃത്യം ചെയ്യുക എന്നിവ പ്രകാരം പ്രതിക്ക് വധശിക്ഷ നൽകാമെന്ന് സുപ്രീംകോടതി വിധിയുണ്ട്. ഇതിൽ നാലെണ്ണം പ്രതി സൂരജിനെതിരെ തെളിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ഉത്രയുടേത് കൊലപാതകമല്ലെന്നും കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്നും അതിനാൽ പരമാവധി ശിക്ഷ നൽകരുതെന്നും പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പ്രതിയുടെ പ്രായകുറവും നന്നാവാനുള്ള സാധ്യതയും കോടതി പരിഗണിക്കണമെന്നും പ്രതിഭാഗം അഭ്യർഥിച്ചു.
അഞ്ചൽ ഏറം വെള്ളാശ്ശേരിയിൽ വിജയസേനൻ-മണിമേഖല ദമ്പതികളുടെ മകൾ ഉത്രയെ (22) സ്വത്ത് തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നുവെന്നാണ് കേസ്. കേസിൽ 87 സാക്ഷി മൊഴികളും 288 രേഖകളും 40 തൊണ്ടിമുതലുകളുമാണ് അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയത്. പ്രതിഭാഗം മൂന്നു സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടിമുതലായി മൂന്നു സി.ഡികളും ഹാജരാക്കുകയും ചെയ്തു.
2020 മേയ് ഏഴിന് രാവിലെയാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മൂർഖൻ പാമ്പ് കടിച്ച് മരിച്ചനിലയിൽ കണ്ടത്. മുറിയിൽ സൂക്ഷിച്ചിരുന്ന മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.