‘ഒരു മാധ്യമ പ്രവർത്തകനും തീവ്രവാദിയല്ല, മോശക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ല’; വെള്ളാപ്പള്ളിക്ക് കെ.സി. വേണുഗോപാലിന്‍റെ മറുപടി
text_fieldsവെള്ളാപ്പള്ളി നടേശൻ, കെ.സി. വേണുഗോപാൽ
ന്യൂഡൽഹി: ഒരു മാധ്യമ പ്രവർത്തകനും തീവ്രവാദിയല്ലെന്ന് വെള്ളാപ്പള്ളിക്ക് കെ.സി. വേണുഗോപാലിന്‍റെ മറുപടി. വിമർശിക്കുന്ന മാധ്യമ പ്രവർത്തകരെ മോശക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ല. മാധ്യമപ്രവർത്തകരുടെ വിമർശനം ചിലപ്പോൾ അതിര് കടക്കുന്നുണ്ടാകും. അതിര് എവിടെ വേണമെന്ന് മാധ്യമ പ്രവർത്തകരാണ് തീരുമാനിക്കേണ്ടത് എന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ബുധനാഴ്ച തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെയാണ് തൊട്ടടുത്ത ദിവസം വാർത്ത സമ്മേളനത്തിൽ തീവ്രവാദിയെന്ന് വിളിച്ച് വെള്ളാപ്പള്ളി നടേശന്‍ അധിക്ഷേപിച്ചത്. ശിവഗിരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെതിരെയാണ് അധിക്ഷേപ പരാമർശവുമായി രംഗത്തെത്തിയത്. ഈ മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും ഇയാള്‍ മുസ്‍ലിംകളുടെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തൊട്ടടുത്ത ദിവസം ‘തീവ്രവാദി’ പരാമർശത്തിൽ വെള്ളാപ്പള്ളി വിശദീകരണവുമായി രംഗത്തെത്തി. തീവ്രമായി സംസാരിക്കുന്നവൻ എന്ന അർഥത്തിലാണ് തന്റെ പരാമർശം. താൻ ആരെയും മതതീവ്രവാദിയെന്ന് വിളിച്ചിട്ടില്ല. തീവ്രവാദിയെന്ന് ഞാന്‍ ഇനിയും പറയും. അന്ന് വേറെ ചാനലുകള്‍ കുറേ ഉണ്ടായിരുന്നുവല്ലോ. അവരൊന്നും ഇങ്ങനെ സംസാരിച്ചിട്ടില്ല. തീവ്രവാദപരമായി സംസാരിച്ചവര്‍ ആരായാലും അവൻ തീവ്രവാദിയാണ്. മിതമായി സംസാരിച്ചവരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അവര്‍ മിതവാദികളാണ്.
താന്‍ പറഞ്ഞതെല്ലാം പറഞ്ഞത് തന്നെയാണ്. അതില്‍ തെറ്റുണ്ടെങ്കില്‍ സംവാദത്തിന് തയാറാണ്. ഒരു ചാനൽ വിചാരിച്ചാൽ ഒരുചുക്കും ചെയ്യാനില്ല. ഭയമില്ലാത്ത തനിക്ക് രാഷ്ട്രീയമോഹമില്ല. സത്യം ബോധ്യപ്പെടുത്താൻ മാധ്യമങ്ങളെ വീട്ടിൽ വിളിച്ചുവരുത്തി. അവിടെയും ഒരു ചാനൽ പ്രശ്നം ഉണ്ടാക്കി. തന്നെ പറയാൻ അനുവദിച്ചില്ല. ഒളിഞ്ഞും തെളിഞ്ഞും ചാനലിന് റേറ്റിങ് കൂട്ടാൻ ഈഴവ സമുദായത്തെ ഉപയോഗിക്കുന്നത് അസംബന്ധമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

