തട്ടിപ്പിൽ പങ്കില്ല, ഇരയാണ്, മന്ത്രിമാരായ ആർ. ബിന്ദുവിന്റെയും വി. ശിവൻകുട്ടിയുടെയും ചിത്രങ്ങൾ കണ്ടതോടെയാണ് വിശ്വസിച്ച് പോയത് -എ.എൻ.രാധാകൃഷ്ണൺ
text_fieldsകൊച്ചി: പകുതി വിലക്ക് ഇരുചക്ര വാഹനങ്ങൾ നൽകുമെന്ന പേരിൽ തട്ടിപ്പ് നടത്തിയ കേസിലെ സ്ഥാപനവുമായി തനിക്ക് ബന്ധമില്ലെന്നും തങ്ങളും തട്ടിപ്പിന്‍റെ ഇരകളാണെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.എൻ. രാധാകൃഷ്ണൻ. താൻ ചെയർമാനായ സൊസൈറ്റി ഫോർ ഇന്‍റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദ നേഷൻ (സൈൻ) എന്ന സംഘടന തട്ടിപ്പ് നടത്തിയ എൻ.ജി.ഒ ഫെഡറേഷന്‍റെ ഭാഗമല്ലെന്നും പദ്ധതി നടപ്പാക്കിയ ഏജൻസികളിൽ ഒന്ന് മാത്രമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
12 വർഷമായി സാമൂഹികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനയാണ് സൈൻ. സേവനങ്ങളുടെ ഭാഗമായി പല ആളുകളെയും കാണാറുണ്ട്. അത്തരത്തിൽ തന്നെയാണ് അനന്തു കൃഷ്ണനെയും പരിചയപ്പെട്ടത്. സത്യസായി ഓർഫനേജ് ട്രസ്റ്റിന്‍റെ സ്ഥാപകനായ ആനന്ദ് കുമാർ വഴിയാണ് താൻ ഈ പദ്ധതിയെക്കുറിച്ച് അറിഞ്ഞത്. മന്ത്രിമാരായ ആർ. ബിന്ദുവും വി. ശിവൻകുട്ടിയും ഇതുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ കണ്ടതിന്‍റെ വിശ്വാസത്തിൽ കൂടിയാണ് പദ്ധതിയുമായി സഹകരിച്ചത്. അത്തരത്തിൽ മുതിർന്ന നേതാക്കളും ആളുകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിശ്വസത്തിലാണ് സൈൻ ഇതിന്‍റെ ഭാഗമായത്.
6000ഓളം പേർ രജിസ്റ്റർ ചെയ്തതിൽ നിലവിൽ 5620 വാഹനങ്ങൾ വിതരണം ചെയ്തു. നിരവധി പേർക്ക് പണം തിരികെ കൊടുക്കുന്നുണ്ട്. അഞ്ചുശതമാനത്തോളം ആളുകൾക്ക് മാത്രമാണ് ഇനി വാഹനം നൽകാനുള്ളത്. അഭിഭാഷകനുമായി സംസാരിച്ചശേഷം എൻ.ജി.ഒ ഫെഡറേഷനെതിരെ നിയമ നടപടികളിലേക്ക് കടക്കുമെന്നും രാധാകൃഷ്ണൻ അറിയിച്ചു.
തട്ടിപ്പുമായി ബന്ധപ്പെടുത്തി രാധാകൃഷ്ണന്‍റെ പേരും ഉയർന്നുവന്ന സാഹചര്യത്തിലാണ് അദ്ദേഹം വാർത്തസമ്മേളനം വിളിച്ച് വിശദീകരണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

