കെ.എസ്.ആർ.ടി.സി അന്തർസംസ്ഥാന സർവിസില്ല; യാത്രക്കാർ ദുരിതത്തിൽ
text_fieldsപുനലൂർ: ശബരിമല സീസൺ തുടങ്ങി നിരവധി യാത്രക്കാർ ഉണ്ടായിട്ടും ആര്യങ്കാവ് വഴിയുള്ള കെ.എസ്.ആർ.ടി.സി അന്തർസംസ്ഥാന സർവിസുകൾ പുനരാരംഭിക്കാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് എട്ടരമാസം മുമ്പാണ് ഇതുവഴിയുള്ള സർവിസുകൾ ഇരുസംസ്ഥാനങ്ങളും നിർത്തിവെച്ചത്.
സംസ്ഥാനത്തെ അഞ്ച് തെക്കൻ ജില്ലകളിൽ നിന്നായി ഏഴുപതോളം സർവിസുകൾ രാപ്പകൽ ഇതുവഴി ഉണ്ടായിരുന്നു. കൂടാതെ, തമിഴ്നാടിെൻറയും ഇത്രയുംതന്നെ സർവിസുകളുണ്ടായിരുന്നു. ലോക്ഡൗൺ ഇളവുകളെ തുടർന്ന് സംസ്ഥാനത്തെ മറ്റ് അതിർത്തികളിലെല്ലാം അന്തർസംസ്ഥാന സർവിസുകൾ പുനരാരംഭിച്ചിരുന്നു. എന്നാൽ, തെക്കൻ കേരളത്തിലുള്ളവർ ആശ്രയിക്കുന്ന പ്രധാന അന്തർസംസ്ഥാന പാതയായ ആര്യങ്കാവ് വഴിമാത്രം ഇതുവരെ സർവിസ് തുടങ്ങാനുള്ള നടപടിയില്ല.
കോവിഡ് നിയന്ത്രണ ഇളവിെന തുടർന്ന് ആര്യങ്കാവിലുള്ള കോവിഡ് പരിശോധനയടക്കം ഇളവ് വരുത്തിയിരുന്നു. കോവിഡും പാസും പരിശോധിക്കാനായി ആര്യങ്കാവിൽ ആരംഭിച്ചിരുന്ന സെൻററും ഭാഗികമായി നിർത്തലാക്കി. ഇപ്പോൾ അതിർത്തി കടന്നുപോകുന്നതിന് പേര് രജിസ്റ്റർ ചെയ്താൽ മതിയാകും.
മറ്റ് നൂലാമാലകളില്ല. എന്നാൽ, ബസ് സർവിസില്ലാത്തത് ദിവസവും ഇതുവഴി യാത്രചെയ്യുന്ന നിരവധിയാളുകളെ ബുദ്ധിമുട്ടിലാക്കുന്നു. കച്ചവടക്കാരെയും വിദ്യാർഥികളെയും കൂടാതെ, ശബരിമല തീർഥാടകരും ഇക്കൂട്ടത്തിലുണ്ട്. ശബരിമല സീസണിൽ മുൻവർഷങ്ങളിൽ തെങ്കാശിയിലേക്കടക്കം സ്പെഷൽ സർവിസുകൾ കെ.എസ്.ആർ.ടി.സി നടത്തുന്നത് യാത്രക്കാർക്ക് അനുഗ്രഹമായിരുന്നു. ഇപ്പോൾ ഇതുവഴി കാര്യമായി ട്രെയിൻ സർവിസുമില്ല. ചെെന്നെ എഗ്മൂർ സ്പെഷൽ സർവിസാണ് ആകെയുള്ള ട്രെയിൻ.
ബസും ട്രെയിനും ഇല്ലാതായതോടെ ഇവിടെ നിന്നുള്ള യാത്രക്കാർ ആര്യങ്കാവ് വരെയും തമിഴ്നാട്ടിൽ നിന്നുള്ളവർ പുളിയറിയിലും ബസിലെത്തി പിന്നെ ഓട്ടോ, ജീപ്പ് എന്നിവ വിളിച്ചാണ് ഇടക്കുള്ള 10 കിലോമീറ്ററോളം ദൂരം താണ്ടുന്നത്. ഇതിന് നാലിരട്ടി ചാർജാണ് ഇടാക്കുന്നത്. നേരത്തേ ചങ്ങനാശ്ശേരി ഡിപ്പോയിൽ നിന്നും തിരുനെൽവേലിക്കുണ്ടായിരുന്ന ബസ് ഇപ്പോൾ ആര്യങ്കാവ് വരെയെത്തി തിരിച്ചുപോകുന്നു.
ഇതാണ് ഈ റൂട്ടിലുള്ള പ്രധാന സർവിസുകളിലൊരെണ്ണം. മറ്റ് ഡിപ്പോകളിൽനിന്ന് അതുമില്ല. ദിനംപ്രതി യാത്രക്കാർ കൂടിവരുന്നത് കണക്കിലെടുത്ത് അന്തർസംസ്ഥാന സർവിസുകൾ അടിയന്തരമായി പുനരാരംഭിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

