പാവയെന്ന അവമതിപ്പ് വേണ്ട; തോൽപ്പാവകൾ ഇനി സ്വയം ചലിക്കും
text_fieldsറോബോട്ടിക്ക് തോൽപ്പാവക്കൂത്ത്
ഒറ്റപ്പാലം: പാവ കളിക്കാരെൻറ ചരട് വലിക്കൊപ്പം ആടിപ്പാടിയിരുന്ന തോൽപ്പാവകൾക്ക് പുനർജന്മം. തിരശ്ശീലയിൽ വിസ്മയം തീർക്കുന്ന നിഴൽ രൂപങ്ങൾക്ക് പിന്നിലെ തോൽപ്പാവകൾ പരസഹായമില്ലാതെ ഇനി സ്വയം ചലിക്കും. തോൽപ്പാവകൾക്ക് സ്വയം ചലനശേഷി എന്ന അഭിലാഷത്തിെൻറ സഫലീകരണം കൂടിയാണിത്.
ജീവിതം കൂത്ത് വഴിയിലേക്ക് തിരിച്ചുവിട്ട കൂനത്തറ 'ഹരിശ്രീ കണ്ണൻ' തോൽപ്പാവക്കൂത്ത് കലാകേന്ദ്രം ഡയറക്ടർ എം. ലക്ഷ്മണ പുലവരുടെയും മകൻ സജീഷ് പുലവരുടെയും മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം സഫലമായതിെൻറ നേർക്കാഴ്‌ചയാണ് പാലക്കാട് ചാത്തപുരം കൽപ്പാത്തി മ്യൂസിയത്തിലെ ചലിക്കുന്ന തോൽപ്പാവകൾ. കഴിഞ്ഞദിവസം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് ഇതിെൻറ ഉദ്‌ഘാടനം നിർവഹിച്ചത്. മ്യൂസിയങ്ങളിൽ നിശ്ചല ദൃശ്യങ്ങളായ പാവകൾ വ്യാപകമാണെങ്കിലും ചലിക്കുന്ന തോൽപ്പാവ പുതുമ വിളിച്ചറിയിക്കുന്നതാണ്.
ഇന്ത്യയിൽ ആദ്യമായിട്ടാണ് റോബോട്ടിക് സാംവിധാനത്തിൽ ചലിക്കുന്ന തോൽപ്പാവകൾക്ക് ജന്മം നൽകിയത്. അച്ഛെൻറയും മകെൻറയും ആഗ്രഹം കേട്ടറിഞ്ഞ തൃശൂർ ഇങ്കർ റോബോട്ടിക് സി.ഇ.ഒ രാഹുൽ ബാലചന്ദ്രൻ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ഇതിനാവശ്യമായ പാവകൾ ലക്ഷ്മണ പുലവരും സജീഷ് പുലവരും നിർമിച്ചുനൽകി. മൂന്നരമാസത്തെ പരീക്ഷണ, നിരീക്ഷണങ്ങൾക്കൊടുവിലാണ് സ്വയം ചലിക്കുന്ന പാവകൾ യാഥാർഥ്യമായത്.
ഇതിനായി 1.25 ലക്ഷം രൂപ ചെലവിട്ടതായി സജീഷ് പറയുന്നു. കമ്പരാമായണത്തിലെ 'പഞ്ചവടി'യിലെ മാൻ വേട്ടയുമായി ബന്ധപ്പെട്ട അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള കഥാസന്ദർഭങ്ങളാണ് സ്വയം ചലിക്കുന്ന പാവകൾ അനാവൃതമാക്കുന്നത്. പാവക്ക് അഭിമുഖമായി പ്രേക്ഷകനെത്തിയാൽ പാവകൾ സ്വയം കളിച്ചുതുടങ്ങും.
റോബോട്ടിൽ ഘടിപ്പിച്ച യന്ത്രം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതാണ് -സജീഷ് പറഞ്ഞു. എൻജിനീയറിങ് ബിരുദം നേടിയ സജീഷ് മുഴുവൻ സമയം തോൽപ്പാവക്കൂത്ത് കലയുമായി കഴിയുകയാണിപ്പോൾ. വിദേശത്തും സ്വദേശത്തുമായി നിരവധി തവണ തോൽപ്പാവക്കൂത്ത് അവതരിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

