തെളിവില്ല; രാഹുൽ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ ഉടൻ കേസെടുക്കില്ല
text_fieldsരാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, യുവതിയെ നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ ഉടൻ കേസെടുക്കേണ്ടതില്ലെന്ന തീരുമാനത്തിൽ പൊലീസ്. പരാതി നൽകിയ വ്യക്തി കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയാല്‍ മാത്രം തുടര്‍നടപടി സ്വീകരിച്ചാല്‍ മതിയെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.
രാഹുല്‍ മാങ്കൂട്ടത്തിലും യുവതിയും തമ്മിലെ ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. തെളിവില്ലാതെ കേസെടുത്താല്‍ കോടതിയില്‍ തിരിച്ചടിയുണ്ടാകുമെന്നതാണ് പൊലീസിന്‍റെ ആശങ്ക. പുറത്തുവന്ന ശബ്ദ സന്ദേശ പ്രകാരം രാഹുല്‍ ഒരു സ്ത്രീയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിട്ടുണ്ടെന്നും ഗര്‍ഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശം ലംഘിച്ചെന്നുമാണ് പരാതിയിലുള്ളത്.
രാഹുൽ ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പരാതിയിൽ പറയുന്നു. സംഭവത്തില്‍ രാഹുലിനെതിരെ ബാലാവകാശ കമീഷനിലും ഇതേ അഭിഭാഷകൻ പരാതി നല്‍കിയിട്ടുണ്ട്.
രാഹുലിന് പകരം ആര്?
യൂത്ത് കോൺഗ്രസ് പുതിയ പ്രസിഡന്‍റിനെ കുറിച്ച് ചർച്ചകളാരംഭിച്ചു. രാഹുലിന് പകരം വൈസ് പ്രസിഡന്റ് അബിൻ വർക്കി വരുമെന്ന ചർച്ചകൾ സജീവമാണ്. ഇതിന് പിന്നാലെ കെ.എം അഭിജിത്, ബിനു ചുള്ളിയിൽ എന്നിവരുടെ പേരുകളും സജീവമായി ഉയരുന്നുണ്ട്. മുതിർന്ന നേതാക്കൾ തന്നെ പേരുകൾ പരസ്യമായി പിന്താങ്ങിയെത്തുന്ന സാഹചര്യവുമുണ്ട്.
യൂത്ത് കോൺഗ്രസിൽ പൊരിഞ്ഞ പോര്
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജിക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ പോര് രൂക്ഷമായി. രാഹുലിനെ അനുകൂലിച്ചും പ്രതികൂലിച്ചും തലങ്ങും വിലങ്ങും പോസ്റ്റ് യുദ്ധങ്ങൾ കനത്തതോടെ ഇവ ചോർന്ന് പുറത്തേക്കുമെത്തി. ‘തോളിൽ കയ്യിട്ട് നടന്നവന്‍റെ കുത്തിന് ആഴമേറു’മെന്നാണ് ഒരു നേതാവിന്‍റെ പ്രതികരണം.
‘ഒറ്റുകൊടുക്കുക എന്നത് ഒരിക്കലും ശത്രുവിൽ നിന്നുണ്ടാകില്ലെന്ന്’ മറ്റൊരു പോസ്റ്റ്. ‘കർമ്മ ബൂമറാങ്’ എന്ന് തൊട്ടുടനെ മറുപടി. ഇതിനിടെ, ബാഹുബലിയെ കുത്തി വീഴ്ത്തുന്ന കട്ടപ്പയുടെ ചിത്രമുള്ള പോസ്റ്ററും സംസ്ഥാന കമ്മിറ്റി ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടു.
പ്രതികൂലിച്ചും അനുകൂലിച്ചും പാർട്ടി പ്രവർത്തകർ ഗ്രൂപ്പിൽ മെസ്സേജുകൾ അയച്ചു തുടങ്ങിയതോടെ ദേശീയ നേതൃത്വം ഇടപെട്ട് വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഒണ്‍ലിയാക്കുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള തീരുമാനത്തിലാണ് കോൺഗ്രസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

