പത്മകുമാറിനെതിരെ ഉടൻ നടപടിയില്ല; പാർട്ടി വിശ്വസിച്ച് ചുമതല ഏൽപ്പിച്ചവർ നീതി പുലർത്തിയില്ല എന്നും എം.വി ഗോവിന്ദൻ
text_fieldsഎം.വി. ഗോവിന്ദൻ
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ പാർട്ടി ഉടൻ നടപടിയെടുക്കില്ലെന്ന് റിപ്പോർട്ട്. പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ച ശേഷമേ പത്മകുമാറിനെതിരേ നടപടി കൈക്കൊള്ളൂവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഗോവിന്ദൻ നിലപാട് അറിയിച്ചത്. നിലവിൽ ജില്ലാകമ്മിറ്റി അംഗമാണ് പത്മകുമാർ.
തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ പത്മകുമാറിനെതിരേ പെട്ടെന്ന് നടപടിയെടുക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. ഈ ഘട്ടത്തില്‍ പത്മകുമാറിനെ തള്ളിപ്പറഞ്ഞാല്‍, പാര്‍ട്ടിതന്നെ പത്മകുമാറിനെ കുറ്റക്കാരനായി കാണുന്നു എന്ന പ്രതീതി ജനങ്ങള്‍ക്കിടയിലുണ്ടാക്കും. ഇത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനും എൽ.ഡി.എഫിനും തിരിച്ചടിയാവാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി എടുക്കാൻ കുറ്റപത്രം സമര്‍പ്പിക്കുംവരെ കാത്തിരിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചെന്നാണ് വിലയിരുത്തല്‍.
പാർട്ടി വിശ്വസിച്ച് ചുമതല ഏൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ല എന്നും എം.വി ഗോവിന്ദൻ പറഞ്ഞു. എൻ. വാസു ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ പത്മകുമാർ അങ്ങനെയല്ല. കുറ്റപത്രം സമർപ്പിച്ചശേഷം നടപടി ഉണ്ടാകുമെന്നാണ് അദ്ദേഹം ജില്ലാകമ്മിറ്റിയിൽ വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ട്.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡന്‍റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ. വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തില്‍ വിശദീകരണവുമായി പൊലീസുകാർ. എ.ആര്‍ ക്യാമ്പിലെ ഒരു എസ് ഐയും 4 പൊലീസുകാരുമാണ് വാസുവിനെ കോടതിയിലേക്ക് കൊണ്ടുപോയത്. പ്രതിയോട് ഒരു കൈയിൽ വിലങ്ങ് ധരിപ്പിക്കുന്ന കാര്യം അറിയിച്ചു. വാസുവിന്‍റെ അനുമതിയോടെയാണ് കൈവിലങ്ങ് ധരിപ്പിച്ചതെന്നും പൊലീസുകാര്‍ പറയുന്നു.
കഴിഞ്ഞദിവസം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ സമയത്താണ് എൻ. വാസുവിന്‍റെ ഒരു കൈയിൽ വിലങ്ങ് അണിയിച്ചത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറാണ് വിഷയത്തിൽ റിപ്പോര്ട്ട് തേടിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷണം. തിരുവനന്തപുരം എ.ആർ ക്യാംപിലെ ഡെപ്യൂട്ടി കമാണ്ടന്റിനോട് ആണ് റിപ്പോർട്ട് ഉടൻ നൽകാൻ നിർദ്ദേശിച്ചിരിക്കുന്നത്.
പൊലീസുകാരെ ആക്രമിക്കാനോ, ഓടിരക്ഷപ്പെടാനോ സാധ്യതയില്ലാത്ത പ്രതിയായ വാസുവിനെ കൈയാമം വെച്ചത് അനാവശ്യ നടപടി എന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്.
തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥരായിരുന്നു പൂജപ്പുര സ്‌പെഷ്യല്‍ ജയിലില്‍ നിന്ന് കഴിഞ്ഞ വ്യാഴാഴ്ച വാസുവിനെ വിലങ്ങ് അണിയിച്ച് കോടതിയില്‍ ഹാജരാക്കിയത്. തിരുവനന്തപുരം എ.ആർ ക്യാംപിലെ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു സുരക്ഷാ ചുമതല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എൻ.വാസുവിനെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു വിലങ്ങണിയിച്ചത്.
അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍. വാസു, തിരുവാഭരണം കമ്മീഷണര്‍ കെ.എസ് ബൈജുവുമാണ് ജാമ്യത്തിനായി അപേക്ഷ നല്‍കിയിട്ടുള്ളത്. കേസില്‍ സി.പി.എം നേതാവ് എ പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള എസ്.ഐ.ടി അപേക്ഷ നാളെയാണ് പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

