ഗ്യാസില്ല, ഹോട്ടലുകളിൽ തീവില
text_fieldsകണ്ണൂർ: 13 രൂപക്ക് കിട്ടിയിരുന്ന പൊറോട്ടക്ക് ഇനി 15 രൂപ. 12ന് ലഭിച്ചിരുന്ന ഇഡ്ലിക്ക് 13 രൂപയും നൽകണം. ബീഫ് കറിക്ക് 120ൽ നിന്ന് 130 ആയി. പൊതുവേ കുറഞ്ഞ വിലക്ക് കിട്ടിയിരുന്ന ഗ്രീൻപീസിനും കൊടുക്കണം അധികമായി 10 രൂപ. നാടും ടൗണും അനുസരിച്ച് പഴയതും പുതിയതുമായ വിലയിൽ വ്യത്യാസമുണ്ടാകും എന്നേയുള്ളൂ. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടർ കിട്ടാതായതോടെയാണ് ഹോട്ടലുകൾ ഭക്ഷണ വില കൂട്ടിയത്. പാചകവാതക പ്രതിസന്ധി തീർന്നാൽ വില കുറക്കുമോ എന്ന ചോദ്യത്തിന് ഹോട്ടലുടമകൾ ഉറപ്പൊന്നും നൽകുന്നില്ല.
ഊണിനും ചായക്കും ഒഴികെ എല്ലാ വിഭവങ്ങൾക്കും വില കൂട്ടിയിട്ടുണ്ടെന്നാണ് ഹോട്ടലുകാർ സമ്മതിക്കുന്നത്. ചിലയിടത്ത് കട്ടൻ ചായക്കുവരെ വിലകൂട്ടിയിട്ടുമുണ്ട്. സ്വകാര്യ കമ്പനികളുടെ പാചകവാതകം ഇരട്ടി വിലക്ക് വാങ്ങാൻ നിർബന്ധിതമായതോടെയാണ് വില കൂട്ടിയതെന്ന് ഹോട്ടലുടമകൾ പറഞ്ഞു.
ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ എന്നീ പൊതുമേഖല കമ്പനികളുടെ സിലിണ്ടറുകളാണ് ഹോട്ടലുകളിൽ കൂടുതലും ഉപയോഗിച്ചിരുന്നത്. 19 കിലോയുടെ സിലിണ്ടറിന് 1890 രൂപയാണ് ഈടാക്കിയിരുന്നത്. പൊതുമേഖല കമ്പനികളുടെ സിലിണ്ടറുകളുടെ വരവ് നിലച്ചതോടെ സ്വകാര്യ കമ്പനിയുടേത് മാത്രം ആശ്രയിക്കാൻ തുടങ്ങി. സ്വകാര്യ കമ്പനിയുടെ 17 കിലോയുടെ സിലിണ്ടറിന് 1640 ആയിരുന്നു വില.
ഇത് ഒറ്റയടിക്ക് 3400 വരെയാക്കി. ചില ഏജൻസികൾ 4500 രൂപയും ഈടാക്കുന്നു. വലിയ ഹോട്ടലുകൾക്ക് അഞ്ചും ഇടത്തരം ഹോട്ടലുകൾക്ക് മൂന്നും സിലിണ്ടറുകളാണ് ദിവസം വേണ്ടത്. ഭക്ഷണ വൈവിധ്യം കുറച്ചും ഉച്ചയൂൺ ഒഴിവാക്കിയുമാണ് ഗ്യാസ് ചെലവ് ഹോട്ടലുകൾ നിയന്ത്രിക്കുന്നത്. ചില ഹോട്ടലുകൾ ഇടക്കിടെ അടച്ചിടുന്ന സ്ഥിതിയുമുണ്ട്. പാചക വാതക ഇനത്തിൽ ഇരട്ടി ചെലവാണ് ഹോട്ടലുകൾക്ക് ഇപ്പോൾ ഉണ്ടായതെന്നും വില കൂട്ടാൻ നിർദേശം നൽകിയിട്ടില്ലെന്നും ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

