രൂപമാറ്റം നീക്കിയില്ല, അതിനാലാണ് ഫിറ്റ്നസ് നിഷേധിച്ചത്; ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ്
text_fieldsമലപ്പുറം: അരീക്കോട് കിഴിശ്ശേരിയിൽ ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ മോട്ടോർ വാഹനവകുപ്പിന്റെ ഭാഗത്ത് പിഴവില്ലെന്ന് ഗതാഗത കമീഷണറുടെ റിപ്പോർട്ട്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചത് രൂപമാറ്റങ്ങൾ ഒഴിവാക്കാത്തതിനാലെന്ന് റിപ്പോർട്ട് പറയുന്നു. രൂപമാറ്റങ്ങള്‍ ഒഴിവാക്കാൻ നിർദേശിച്ചിട്ടും ചെയ്തില്ല. അതുകൊണ്ടാണ് സർട്ടിഫിക്കറ്റ് നിരസിച്ചതെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി.
ഷൗക്കത്ത് 2021 ജൂൺ ഏഴിനാണ് പുതിയ ഓട്ടോറിക്ഷ വാങ്ങിയത്. ആദ്യത്തെ രണ്ട് വർഷം ഫിറ്റ്നസ് പരിശോധന ആവശ്യമില്ല. 2023 ആഗസ്റ്റ് 17ന് ആദ്യ പരിശോധന നടത്തുകയും 2025 ആഗസ്റ്റ് 16 വരെ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. രണ്ടാമത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി 2025 നവംബർ 11ന് കൊണ്ടോട്ടി എ.എം.വി.ഐ മുമ്പാകെ വാഹനം ഹാജരാക്കി.
എന്നാല്‍, സർട്ടിഫിക്കറ്റ് നിരസിച്ചു. ഡ്രൈവർ സീറ്റിലെ ആം റെസ്റ്റുകൾ, കൂർത്ത മെറ്റൽ വീൽ കപ്പുകൾ, ഡ്രൈവർ ക്യാബിന്റെ ഇരുവശങ്ങളിലും വെൽഡ് ചെയ്ത സ്റ്റീൽ റെയിലിങ്ങുകൾ, യാത്രക്കാരുടെ ക്യാബിന്റെ വലതുവശത്ത് ഉയർത്തി വെൽഡ് ചെയ്ത സ്റ്റീൽ റെയിലിങ്ങുകൾ എന്നിവ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥൻ നിർദേശിച്ചു. ഈ മാറ്റങ്ങൾ വരുത്തിയ ശേഷം വീണ്ടും പരിശോധനക്കായി ഹാജരാക്കാൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം വീണ്ടും പരിശോധനക്ക് എത്തിച്ചപ്പോഴുള്ള ദൃശ്യങ്ങളാണ് ഷൗക്കത്ത് ഫേസ്ബുക്കിലുടെ പങ്കുവെച്ചത്.
സ്റ്റീൽ റെയിലിങ്ങുകൾ ഒഴികെ ഉദ്യോഗസ്ഥൻ നിർദേശിച്ച മറ്റു മാറ്റങ്ങളെല്ലാം ഷൗക്കത്ത് വരുത്തിയിരുന്നു. റെയിലിങ്ങുകൾ കൂടി നീക്കം ചെയ്യാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നത് ഷൗക്കത്ത് തന്നെ പകർത്തിയ ദൃശ്യങ്ങളിലുണ്ട്. വീഡിയോയിലുള്ളത് പ്രേംകുമാർ എന്ന ഉദ്യോഗസ്ഥനാണ്. ഇയാൾ 2026 മാർച്ച് 16ന് കോഴിക്കോട് രാമനാട്ടുകര സബ് ആർ.ടി.ഒ ഓഫിസിലേക്ക് സ്ഥലംമാറിപ്പോയി. പിന്നീട് സർട്ടിഫിക്കറ്റിനായി ഷൗക്കത്ത് വാഹനം കൊണ്ടുവന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

