'കഞ്ചാവ് ഉപയോഗിച്ചതിന് തെളിവോ സാക്ഷികളോ ഇല്ല'; എം.എൽ.എ പ്രതിഭയുടെ മകനെ കേസിൽ നിന്ന് ഒഴിവാക്കി എക്സൈസ്
text_fieldsആലപ്പുഴ: കഞ്ചാവ് കേസിൽനിന്ന് യു. പ്രതിഭ എം.എൽ.എയുടെ മകൻ കനിവിനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി എക്സൈസ് അന്വേഷണസംഘം അമ്പലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. കനിവ് ഉൾപ്പെടെ ഒമ്പതുപേരാണ് കേസിൽ ഉൾപ്പെട്ടിരുന്നത്. ഇതിൽ മൂന്നുമുതൽ ഒമ്പതുവരെയുള്ള ഏഴുപേരെയാണ് തെളിവുകളുടെ അഭാവത്തിൽ ഒഴിവാക്കിയത്. കുറ്റപത്രം ഉടൻ സമർപ്പിക്കും.
ഡിസംബർ 28നാണ് കുട്ടനാട് എക്സൈസ് സംഘം കനിവിനെയും എട്ട് സുഹൃത്തുക്കളെയും തകഴിയിൽനിന്ന് മൂന്നു ഗ്രാം കഞ്ചാവുമായി പിടികൂടിയത്. ഒന്നാം പ്രതിയിൽനിന്ന് കഞ്ചാവും രണ്ടാം പ്രതിയിൽനിന്ന് കഞ്ചാവ് ഉപയോഗിക്കുന്ന ഉപകരണവും കണ്ടെത്തി. മറ്റ് പ്രതികൾ കഞ്ചാവ് ഉപയോഗിച്ചുവെന്നാണ് മഹസ്സറിൽ രേഖപ്പെടുത്തിയത്. ഇവരുടെ ഉച്ഛ്വാസവായുവിൽ കഞ്ചാവിന്‍റെ ഗന്ധമുണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തിയിരുന്നു.
പിന്നീട് പരാതികളും വിവാദവും ഉയർന്നതോടെ എക്സൈസ് നാർകോട്ടിക് വിഭാഗം കേസ് ഏറ്റെടുത്തു. ഇവരുടെ അന്വേഷണ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. പ്രതികളുടെ വൈദ്യപരിശോധന നടത്താത്തതിനാൽ കഞ്ചാവ് ഉപയോഗിച്ചുവെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ സാധിച്ചില്ല. ഇവർ കഞ്ചാവ് ഉപയോഗിച്ചത് കണ്ടതായി ഉദ്യോഗസ്ഥരാരും മൊഴി നൽകിയില്ല. കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ട മറ്റ് സാക്ഷികളുമില്ല. ഈ സാഹചര്യത്തിലാണ് മറ്റുള്ളവരെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി എക്സൈസ് നാർകോട്ടിക് സി.ഐ എം. മഹേഷ് റിപ്പോർട്ട് സമർപ്പിച്ചത്. കനിവിനെതിരെ കേസെടുത്തതിന് പിന്നാലെ അന്ന് ചുമതല ഉണ്ടായിരുന്ന ഡെപ്യൂട്ടി എക്സൈസ് കമീഷണറെ സ്ഥലം മാറ്റിയതും വിവാദമായിരുന്നു.
മകനെതിരെ കള്ളക്കേസ് എടുത്തതായി ആരോപിച്ച് എക്‌സൈസിനെതിരെ നിയമസഭയിലും സി.പി.എം ജില്ല സമ്മേളനത്തിലും പ്രതിഭ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതിയും നൽകി. തുടർന്ന്, ആലപ്പുഴ എക്‌സൈസ് അസിസ്റ്റന്‍റ് കമീഷണർ എസ്. അശോക് കുമാർ നടത്തിയ അന്വേഷണത്തിൽ, കേസെടുത്ത ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തി.
കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്നായിരുന്നു ഈ അന്വേഷണത്തിലും കണ്ടെത്തിയത്. കനിവിന്‍റെ കൈയിൽനിന്ന് കഞ്ചാവ് കണ്ടെത്തിയിട്ടില്ലെന്നാണ് ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമീഷണർ, എക്സൈസ് കമീഷണർക്ക് സമർപ്പിച്ച റിപ്പോർട്ട്. ഇതിന്റെ ചുവടുപിടിച്ചാണ് കോടതിയിലും റിപ്പോർട്ട് സമർപ്പിച്ചത്.
ഡിസംബർ 28ന് കുട്ടനാട് എക്സൈസ് സംഘമാണ് കനിവിനെയും എട്ട് സുഹൃത്തുക്കളെയും തകഴിയിൽനിന്ന് കഞ്ചാവുമായി പിടികൂടിയത്. കേസെടുത്ത അന്വേഷണ ഉദ്യോഗസ്ഥന്റെയും ഇവരെ പിടികൂടിയ ഉദ്യോഗസ്ഥരുടെയും ഉൾപ്പെടെ മൊഴി രേഖപ്പെടുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണത്തിൽ കണ്ടെത്തിയ ഈ വസ്തുതകൾ വിശദീകരിച്ചാണ് റിപ്പോർട്ട് നൽകിയത്.
കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്നും പ്രതിചേർത്തതിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. എം.എൽ.യുടെ മകനടക്കമുള്ളവരെ വൈദ്യപരിശോധനക്ക് കൊണ്ടുപോയിരുന്നില്ല. കനിവ് കഞ്ചാവ് ഉപയോഗിച്ചത് കണ്ടതായി പരിശോധന നടത്തിയ ഉദ്യോഗസ്ഥരാരും മൊഴി നൽകിയിട്ടില്ല. കഞ്ചാവ് ഉപയോഗിച്ചുവെന്ന് തെളിയിക്കുന്ന ശാസ്ത്രീയ പരിശോധനകളും നടത്തിയില്ലെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

