ഇത്തവണ വൈദ്യുതി പ്രതിസന്ധി ഉണ്ടാവില്ലെന്ന് ബോർഡ്
text_fieldsമൂലമറ്റം: ഇത്തവണ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയില്ലെന്ന് വൈദ്യുതി ബോർഡ് അധികൃതർ. മേയ് പകുതിയോടെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ ജലസംഭരണികളിൽ 987.705 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമുണ്ട്. ജൂൺ പകുതി വരെയുള്ള ഉപയോഗത്തിന് ഇത് മതിയാകും. ദിനേന ശരാശരി 16 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് നിലവിൽ കേരളത്തിലെ മൊത്തം ഉൽപാദനം. ശരാശരി 69 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് പ്രതിദിന ഉപഭോഗം. ഇതിൽ 55 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് വാങ്ങുകയും ബാക്കി സംസ്ഥാനത്ത് ഉൽപാദിപ്പിക്കുകയുമാണ് ചെയ്യുന്നത്.
പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിക്ക് യൂനിറ്റിന് ശരാശരി 4.10 രൂപയാണ് നിരക്ക്. 52 ദശലക്ഷം യൂനിറ്റ് വൈദ്യുതി വരെ ഇൗ നിരക്കിൽ ലഭിക്കും. സർക്കാറുമായുള്ള ഉടമ്പടി പ്രകാരമാണിത്. വേനൽ കടുക്കുന്നതോടെ ഉപഭോഗം വർധിക്കുകയും കൂടുതൽ സംസ്ഥാനങ്ങൾ വൈദ്യുതി വാങ്ങുകയും ചെയ്യുന്നതിനാൽ നിരക്ക് വർധിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞവർഷം ഇത് യൂനിറ്റിന് 18 രൂപ വരെ എത്തിയിരുന്നു. എന്നാൽ, ഇത്തവണ അഞ്ചുരൂപയിൽ കൂടാൻ സാധ്യതയില്ലെന്ന് വൈദ്യുതി ബോർഡ് അധികൃതർ പറയുന്നു.
േമയ് പകുതിയോടെ പ്രതീക്ഷിച്ച മഴ ലഭിച്ചില്ലെങ്കിലും വേനൽച്ചൂട് കുറയുന്നതിനാൽ വൈദ്യുതി ഉപഭോഗം താഴുന്നത് ആശ്വാസമാകും. ഇടുക്കി ജലാശയത്തിൽ 439.06 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമാണ് ഇപ്പോഴുള്ളത്. ഇത് മൊത്തം സംഭരണശേഷിയുടെ 20 ശതമാനമാണ്. പമ്പ -209.6 ദശലക്ഷം, കുറ്റ്യാടി -76 ദശലക്ഷം, ഇടമലയാർ -75.92 ദശലക്ഷം, ഷോളയാർ -23.69 ദശലക്ഷം എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ജലത്തിെൻറ അളവ്. സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലെല്ലാംകൂടി 987.705 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമുണ്ട്. ഇത് സംഭരണശേഷിയുടെ 24 ശതമാനമാണ്.
തിങ്കളാഴ്ച കേരളത്തിലെ വൈദ്യുതി ഉപഭോഗം 75.845 ദശലക്ഷം യൂനിറ്റാണ്. ഇതിൽ 57.14 ദശലക്ഷം യൂനിറ്റും പുറത്തുനിന്ന് വാങ്ങുകയാണ് ചെയ്തത്. 18.70 ദശലക്ഷം യൂനിറ്റ് മാത്രമാണ് കേരളത്തിൽ ഉൽപാദിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
