സി.പി.എം ഫണ്ട് തട്ടിപ്പിൽ നിയമസഭയിൽ ചർച്ചയില്ല, അടിയന്തര പ്രമേയ നോട്ടീസ് തള്ളി സ്പീക്കർ; പ്രതിപക്ഷ പ്രതിഷേധം, ഇറങ്ങിപ്പോക്ക്
text_fieldsതിരുവനന്തപുരം: പയ്യന്നൂരിലെ സി.പി.എം നേതാവും എം.എൽ.എയുമായ ടി.ഐ. മധുസൂദനനെതിരെ ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറിയും സംഭവത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുള്ള സി.പി.എം ആക്രമണവും ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ അടിയന്തര പ്രമേയത്തിന് അനുമതിയില്ല. അടിയന്തര പ്രാധാന്യമില്ലാത്ത വിഷയമെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ അടിയന്തര പ്രമേയ നോട്ടീസ് തള്ളി. ഇതിൽ പ്രതിഷേധിച്ച് സഭയുടെ നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ സർക്കാറിനെതിരെ മുദ്രാവാക്യം വിളിച്ചു. പ്ലക്കാർഡുകൾ ഉയർത്തി സ്പീക്കറുടെ ചേംബർ മറക്കാൻ ശ്രമിച്ച പ്രതിപക്ഷ എം.എൽ.എമാർ സഭാ നടപടികൾ ബഹിഷ്കരിച്ചു.
ഫണ്ട് തിരിമറിയിൽ അവതരണാനുമതി തേടാനുള്ള അവസരം പോലും നൽകാതെയാണ് സ്പീക്കർ പ്രതിപക്ഷ ആവശ്യം തള്ളിയത്. പ്രതിപക്ഷത്ത് നിന്ന് സജി ജോസഫ് ആണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നൽകിയത്. അടിയന്തര പ്രാധാന്യമുള്ള വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടിയ സ്പീക്കർ ആവശ്യമെങ്കിൽ അംഗത്തിന് ആദ്യ സബ്മിഷനായി ഉന്നയിക്കാമെന്നും ചൂണ്ടിക്കാട്ടി.
സ്പീക്കറുടെ റൂളിങ്ങിന് പിന്നാലെ വിഷയത്തിൽ ഇടപെട്ട് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിഷയം ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി. ആരോപണവിധേയനായ എം.എൽ.എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ സ്ത്രീകൾ അടക്കമുള്ളവരെ കുറുവടികൾ ഉപയോഗിച്ച് ആക്രമിക്കുകയും കൊന്നൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് സി.പി.എം നേതാക്കൾ ചെയ്യുന്നത്. ഇത്രയും ഗൗരവമുള്ള വിഷയം സഭയിലല്ലാതെ എവിടെയാണ് പറയേണ്ടത്. ഏത് ചട്ടത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്പീക്കർ വിഷയത്തിൽ അടിയന്തര പ്രാധാന്യമില്ലെന്ന് പറയുന്നതെന്നും വി.ഡി. സതീശൻ ചോദിച്ചു.
പയ്യന്നൂരിലെ സി.പി.എം നേതാവും എം.എൽ.എയുമായ ടി.ഐ. മധുസൂദനന് എതിരെ ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണമുന്നയിച്ച കണ്ണൂർ ജില്ല കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെ പാർട്ടി ഞായറാഴ്ച പുറത്താക്കിയിരുന്നു. വിവാദം ആളിക്കത്തുന്നതിനിടെ ചേർന്ന സി.പി.എം ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ നേതൃത്വം ഒറ്റക്കെട്ടായാണ് പുറത്താക്കാൻ തീരുമാനിച്ചത്.
കടുത്ത അച്ചടക്കലംഘനമാണ് കുഞ്ഞികൃഷ്ണന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഒരിക്കൽ അവസാനിപ്പിച്ച വിഷയം വീണ്ടും ചർച്ചയാക്കി രാഷ്ട്രീയ എതിരാളികളെ സഹായിക്കുന്ന നിലപാടാണ് ഇതെന്നും നേതൃത്വം വിലയിരുത്തി. തിങ്കളാഴ്ച നടന്ന ജില്ല കമ്മിറ്റി യോഗത്തിൽ സെക്രട്ടേറിയറ്റ് തീരുമാനത്തിന് അംഗീകാരം നൽകി. ചൊവ്വാഴ്ച ചേരുന്ന പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ ഈ തീരുമാനം റിപ്പോർട്ട് ചെയ്യും.
വെള്ളിയാഴ്ചയാണ് കുഞ്ഞികൃഷ്ണന് വീണ്ടും ഫണ്ട് തിരിമറി ആരോപണമുന്നയിച്ചത്. ജില്ല നേതൃത്വം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും ബന്ധപ്പെട്ട് കുഞ്ഞികൃഷ്ണന് വിഷയം കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തിരുന്നു. തുടർന്നാണ് ജില്ല സെക്രട്ടേറിയറ്റിൽ ആരോപണ വിധേയനായ ടി.ഐ. മധുസൂദനന്റെ സാന്നിധ്യത്തിൽ കുഞ്ഞികൃഷ്ണനെ പുറത്താക്കാൻ തീരുമാനിച്ചത്. നേരത്തേ, കുഞ്ഞികൃഷ്ണന് ഉന്നയിച്ച ആരോപണത്തെ തുത്തുടര്ന്ന് ടി.ഐ. മധുസൂദനനെതിരെ തരംതാഴ്ത്തല്‍ നടപടി സ്വീകരിച്ചിരുന്നു.
എന്നാല്‍, മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും മധുസൂദനനെ ജില്ല സെക്രട്ടേറിയറ്റിലേക്കുതന്നെ തിരിച്ചെടുത്തു. മാത്രമല്ല വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മധുസൂദനനെ പയ്യന്നൂരില്‍ മത്സരിപ്പിക്കാന്‍ നേതൃതലത്തില്‍ ധാരണയുമായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കുഞ്ഞികൃഷ്ണന് വീണ്ടും ആരോപണവുമായി രംഗത്തുവന്നത്. കുഞ്ഞികൃഷ്ണനു പിന്നിൽ പയ്യന്നൂരിലെ തലമുതിര്‍ന്ന നേതാക്കള്‍ കൂടിയുണ്ടെന്ന സൂചനയും സി.പി.എം നേതൃത്വത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

