ബിരുദവും ഡോക്ടറേറ്റും വ്യാജമെന്ന് പരാതി; മറുപടിയുമായി വനിത കമീഷൻ അംഗം ഷാഹിദ കമാൽ
text_fieldsതിരുവനന്തപുരം: സംസ്ഥാന വനിതാ കമീഷൻ അംഗം ഷാഹിദ കമാലിേന്റത് വ്യാജ വിദ്യാഭ്യാസ യോഗ്യതയെന്ന് ആക്ഷേപം. ഷാഹിദ കമാലിന് സർവകലാശാല ബിരുദവും ഡോക്ടറേറ്റുമില്ലെന്ന് വെള്ളിയാഴ്ച വൈകീട്ട് ഒരു ചാനൽ സംഘടിപ്പിച്ച ചർച്ചക്കിടെയാണ് ആക്ഷേപമുയർന്നത്.
വിവരാവകാശ നിയമപ്രകാരം സർവകലാശാലയിൽനിന്ന് ലഭിച്ച രേഖയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ചർച്ചയിൽ പെങ്കടുത്ത വനിത പറഞ്ഞു. എന്നാൽ, കമീഷൻ വെബ്സൈറ്റിൽ ഡോ. ഷാഹിദ കമാൽ എന്നാണ് കാണുന്നത്.
കമീഷൻ അംഗം വ്യാജ യോഗ്യതയാണ് കാണിച്ചതെന്നും അവർ ആരോപിച്ചു. ഷാഹിദക്കെതിരെയുള്ള ആരോപണം പരിശോധിക്കണമെന്ന് ചർച്ചയിൽ പെങ്കടുത്ത എ.െഎ.എസ്.എഫ് സംസ്ഥാന സെക്രട്ടറി അരുൺ ബാബുവും സി.പി.െഎ നേതാവ് ആനി രാജയും കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനും ആവശ്യപ്പെട്ടു.
2009ൽ കാസർകോട് ലോക്സഭാ സീറ്റിലും 2011ൽ ചടയമംഗലം നിയമസഭാ സീറ്റിലും ഷാഹിദാ കമാൽ മത്സരിച്ചിരുന്നു. രണ്ട് തെരഞ്ഞെടുപ്പിലും ഷാഹിദ നൽകിയ സത്യവാങ്മൂലം തെരഞ്ഞെടുപ്പ് കമീഷനിൽനിന്നും പരാതിക്കാരി ശേഖരിച്ചു. തുടർന്ന് കേരള സർവകലാശാലയിൽനിന്നും വിവരാവകാശ നിയമപ്രകാരം ഇവരുടെ വിദ്യാഭ്യാസ വിവരങ്ങൾ എടുത്തു. ആ രേഖകൾ പ്രകാരം 1987-90 കാലഘട്ടത്തിലാണ് സർവകലാശാലക്ക് കീഴിലെ അഞ്ചൽ സെന്‍റ് ജോണ്സ് കോളജിൽ ഇവർ പഠിച്ചതെന്ന് വ്യക്തമാകുന്നു. എന്നാൽ, ബികോം പൂർത്തിയാക്കാനായിട്ടില്ല.
തെരഞ്ഞെടുപ്പ് കമീഷന് നൽകിയ രേഖകൾ പ്രകാരം ഇവർ വിദ്യാഭ്യാസയോഗ്യതയായി ബി.കോം, പി.ജി.ഡി.സി.എ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ബിരുദം നേടാത്ത ഒരാൾക്ക് പി.ജി പാസാവാൻ സാധിക്കില്ല. അതിനാൽ ആ വാദവും തെറ്റാണ്. തോറ്റ ബി.കോം ഇവർ എന്നു പാസായി, പിന്നെ എപ്പോൾ പി.ജിയും പി.എച്ച്.ഡിയും എടുത്തു എന്നൊന്നും വ്യക്തമല്ലെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.
ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു
ആരോപണവുമായി ബന്ധപ്പെട്ട ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്ന് ഷാഹിദ കമാൽ പ്രതികരിച്ചു. തന്നെപ്പോലെയുള്ള ഒരു പൊതുപ്രവർത്തകക്ക് അത്തരത്തിൽ വ്യാജ യോഗ്യത വെക്കാൻ സാധിക്കുമോ എന്ന് സാമാന്യ യുക്തിയുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കും. ഡിഗ്രിക്ക് പഠിച്ച കാലത്ത് കെ.എസ്.യു സംഘടനാ പ്രവർത്തനവുമായി നടന്നതിനാൽ പരീക്ഷ എഴുതാനും പഠനം പൂർത്തിയാക്കാനും സാധിച്ചില്ല.
വിവാഹശേഷവും പൊതുരംഗത്ത് സജീവമായിരുന്നു. എന്നാൽ, ഭർത്താവ് കമാലുദ്ദീൻ മരിച്ചതോടെ 16 വയസ്സുള്ള മകന്‍റെയും മാതാപിതാക്കളുടെയും സംരക്ഷണം തന്‍റെ ചുമലിലായി. കുടുംബത്തെ സംരക്ഷിക്കാൻ ഏതെങ്കിലും ബോർഡിൽ അംഗമാക്കണമെന്ന് കോൺഗ്രസ് സർക്കാറിനോട് ആവശ്യപ്പെട്ടു. എന്നാൽ അതുണ്ടായില്ല. പിന്നീട് ജോലിക്ക് ശ്രമിച്ചപ്പോഴും വിദ്യാഭ്യാസ യോഗ്യത പ്രശ്നമായി.
നഷ്ടപ്പെട്ട വിദ്യാഭ്യാസം വീണ്ടെടുക്കുക എന്നതായി പിന്നീടുള്ള ലക്ഷ്യം. വിദൂരവിദ്യാഭാസം വഴി ബി.കോമും എം.എ പബ്ലിക് അഡ്മിനിസ്ട്രേഷനും പാസായി. നിലവിൽ ഇഗ്നോയിൽ എം.എസ്.ഡബ്ല്യു വിദ്യാർഥിനിയാണ്.
ഷാഹിദ കമാൽ എന്ന പൊതുപ്രവർത്തകക്ക് ഇന്‍റർനാഷനൽ ഓപൺ യൂനിവേഴ്സിറ്റിയിൽനിന്ന് ലഭിച്ചതാണ് ഡോക്ടറേറ്റ്. ഇതേ യൂനിവേഴ്സിറ്റിയിൽനിന്ന് കേരളത്തിലെ നിരവധി പേർക്ക് ഡി.ലിറ്റ് ലഭിച്ചിട്ടുണ്ട്. അവർ എല്ലാവരും ഡോക്ടർ എന്ന് പ്രൊഫൈലിന്‍റെ കൂടെ വെക്കുന്നുണ്ടെന്നും ഷാഹിദ കമാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

