മദ്യഷാപ്പുകൾ തുറക്കാൻ തീരുമാനിച്ചിട്ടില്ല -ടി.പി രാമകൃഷ്ണൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മദ്യഷാപ്പുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ. ഇക്കാര്യത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
റെഡ് സോൺ ഒഴികെയുള്ള സ്ഥലങ്ങളിൽ മദ്യ ഷാപ്പുകൾ ശുചീകരിച്ച് അണുവിമുക്തമാക്കിയ ശേഷം മാനദണ്ഡങ്ങൾക്ക് വിധേയമായി തുറക്കാമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിൻെറ സാഹചര്യങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് തുടർ നടപടികൾ സ്വീകരിക്കാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. ബാറുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല. മാർഗ നിർദേശത്തിൽ ബാറുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞിട്ടില്ല. ബാറുകളുടെ കാര്യത്തിൽ പിന്നീട് ആലോചിച്ച് തീരുമാനമെടുക്കും.
മദ്യം ഓൺലൈനിൽ നൽകാൻ സർക്കാറോ ബീവറേജ് കോർപ്പറേഷനോ തീരുമാനമെടുത്തിട്ടില്ല. മദ്യം ലഭിക്കുന്നതിനായി ഓൺലൈൻ ബുക്കിങ് തുടങ്ങിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയിൽ വാസ്തവമില്ലെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
കേരളത്തിൽ തുടർന്ന് ജോലി ചെയ്യാൻ സന്നദ്ധതയുള്ള അന്തർ സംസ്ഥാന തൊഴിലാളികൾക്ക് എല്ലാവിധ സംരക്ഷണവും നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ചില സ്ഥാപനങ്ങളിൽ അവർക്ക് താമസ സൗകര്യം, ഭക്ഷണം തുടങ്ങി എല്ലാ സംവിധാനങ്ങളുമുണ്ട്. ചില തൊഴിലുടമകൾ എല്ലാ വിധ സംരക്ഷണവും അവർക്ക് ഒരുക്കുന്നുണ്ട്. ഇവിടെ തുടർന്ന് ജോലിയിലേർപ്പെടാൻ അവർ സന്നദ്ധമാണെങ്കിൽ അവർക്ക് ജോലി തുടരാനുള്ള സാഹചര്യം സംസ്ഥാനത്തുണ്ടെന്നും ലോക്ഡൗണിൽ ഇളവ് വരുത്തുന്ന മുറക്ക് വിവിധ മേഖലകളിൽ തൊഴിൽ പുനസ്ഥാപിച്ചു വരികയാണെന്നും ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
