കോൺഗ്രസ് ഭരിക്കുന്ന എലപ്പുള്ളി പഞ്ചായത്തിൽ സി.പി.എമ്മിന്‍റെ അവിശ്വാസ പ്രമേയം
text_fieldsപഞ്ചായത്ത് പ്രസിഡന്‍റ് കെ. രേവതി ബാബു
പാലക്കാട്: മദ്യനിർമാണശാല ആരംഭിക്കാൻ സർക്കാർ അനുമതി നൽകി വിവാദമായ എലപ്പുള്ളി ഗ്രാമപഞ്ചായത്തിൽ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി സി.പി.എം. 22 അംഗ ഭരണസമിതിയിൽ കോൺഗ്രസ്-ഒമ്പത്, സി.പി.എം-എട്ട്, ബി.ജെ.പി-അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില.
ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് നോട്ടീസ് നൽകിയത്. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം അവിശ്വാസനോട്ടീസ് നൽകി 15 പ്രവൃത്തി ദിവസത്തിനകം തീരുമാനമെടുക്കണം.
പഞ്ചായത്തിലെ വികസന മുരടിപ്പ്, ഫണ്ടുകൾ ചെലവഴിക്കാതിരിക്കൽ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് അവിശ്വാസപ്രമേയം നൽകിയതെന്ന് സി.പി.എം നേതൃത്വം പറഞ്ഞു. കോൺഗ്രസും ബി.ജെ.പിയും ചേർന്നാണ് പഞ്ചായത്ത് ഭരിക്കുന്നതെന്നും സി.പി.എം ആരോപിച്ചു.
എന്നാൽ, സി.പി.എം തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്നും അവിശ്വാസം പരാജയപ്പെടുമെന്നും കോൺഗ്രസ് അംഗങ്ങൾ പ്രതികരിച്ചു. മദ്യനിർമാണശാല ആരംഭിക്കുന്നതിനെതിരെ കോൺഗ്രസ് നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതി രംഗത്തുവന്ന സാഹചര്യത്തിലാണ് സി.പി.എം നീക്കം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.