വിദ്യാര്‍ഥിനികള്‍ക്ക് കൺസഷൻ കാർഡ് വേണ്ട
text_fieldsതിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതിനാല്‍ വിദ്യാർഥിനികള്‍ക്ക് കെ.എസ്.ആര്.ടി.സി ഓർഡിനറി ബസുകളിൽ കണ്സഷന് കാർഡ് വേണ്ട. നിലവിൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികള്‍ക്ക് യാത്ര സൗജന്യമാണ്. ഡിപ്പോകളിൽനിന്ന് ലഭിക്കുന്ന കണ്സെഷന് കാര്‍ഡ് ഹാജരാക്കിയാണ് യാത്രാഇളവ് നേടിയിരുന്നത്. തിങ്കളാഴ്ച മുതൽ സ്ത്രീകള്‍ക്ക് സൗജന്യയാത്ര പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാർഥിനികൾക്കുള്ള കൺസഷന് സംവിധാനം ആവശ്യമില്ലാതായി.
എന്നാൽ, ആൺകുട്ടികൾക്ക് കണ്സെഷന് കാര്‍ഡ് വേണം.ഓർഡിനറി വിഭാഗത്തിലെ ഏഴ് ഉപവിഭാഗങ്ങളിൽപ്പെടുന്ന ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുക.ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നിവയാണ് സൗജന്യ യാത്ര അനുവദിച്ച ബസ് വിഭാഗങ്ങൾ. സൗജന്യ യാത്രാ സൗകര്യമുള്ള ബസുകളിൽ ‘പ്രിയദർശിനി’ എന്ന സ്റ്റിക്കർ പതിക്കും. പദ്ധതിയുടെ ഉദ്ഘാടന ദിവസമായ ഈ മാസം 15ന് മുഖ്യമന്ത്രി വനിതകൾക്കൊപ്പം ബസിൽ സെക്രട്ടേറിയറ്റ് വരെ യാത്ര ചെയ്യും.
വരുമാന, പ്രായ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകൾക്കും ട്രാൻസ് ജൻഡർ വിഭാഗത്തിനും സൗജന്യ യാത്ര അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുക. ഇതിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷമായിരിക്കും മറ്റ് ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുക. പരസ്യങ്ങളിലൂടെ അടക്കം ആറുമാസത്തിനകം കെ.എസ്.ആർ.ടി.സിയുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്.
അതേസമയം, ബസുകളുടെ വിതരണത്തിലെ വൻ അസമത്വം കാരണം വടക്കൻ കേരളത്തിലെ യാത്രക്കാരിലെ നല്ലൊരു വിഭാഗത്തിനും ഈ പദ്ധതി ഗുണം ചെയ്യില്ല.ആകെ ലഭ്യമായ 3125 ഓർഡിനറി ബസുകളിൽ സിംഹഭാഗവും തെക്കൻ ജില്ലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ മാത്രം 687 ബസുകൾ സർവിസ് നടത്തുമ്പോൾ, ജനസംഖ്യയിൽ മുന്നിലുള്ള മലപ്പുറം ജില്ലയിൽ ഇത് വെറും 98 മാത്രമാണ് കൊല്ലം ജില്ലയിൽ 415 ബസുകളും എറണാകുളത്ത് 325 ബസുകളും ഉള്ളപ്പോൾ വടക്കൻ ജില്ലകളായ പാലക്കാട് (122), കാസർകോട് (128) എന്നിവിടങ്ങളിൽ സൗകര്യം വളരെ കുറവാണ്.
കണ്ണൂരിൽ 205 ബസുകളും വയനാട്ടിൽ 172 ബസുകളും കോഴിക്കോട് 156 ബസുകളുമാണ് നിലവിലുള്ളത്. തെക്കൻ കേരളത്തിലെ മറ്റ് ജില്ലകളായ ആലപ്പുഴ (227), കോട്ടയം (162), പത്തനംതിട്ട (150), തൃശ്ശൂർ (153), ഇടുക്കി (125) എന്നിവിടങ്ങളിലെല്ലാം വടക്കൻ ജില്ലകളേക്കാൾ മെച്ചപ്പെട്ട സാഹചര്യമാണുള്ളത്. . വടക്കൻ ജില്ലകളിലെ അവഗണന അവസാനിപ്പിച്ച് ബസുകളുടെ എണ്ണത്തിൽ തുല്യത ഉറപ്പുവരുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

