‘മഴു ഓങ്ങി നിൽക്കുന്നുണ്ട്, താഴെ ചെന്ന് തലതാഴ്ത്തി നിൽക്കരുത്’; മുജാഹിദ് വേദിയിൽ പിണറായി വിജയൻ
text_fieldsകേരള നദ്‍വത്തുൽ മുജാഹിദീൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംഘപരിവാർ ആശയങ്ങൾ ഭരണതലത്തിൽ നടപ്പാക്കുന്നത് കാണാതിരിക്കരുതെന്ന് പിണറായി വിജയൻ പറഞ്ഞു. നവോത്ഥാന സംഘടനകൾ സ്വയം വിമർശനം നടത്തണം. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം വേണം. എതിർക്കേണ്ടതിനെ എതിർത്തുതന്നെ മുന്നോട്ടുപോകണമെന്നും പിണറായി പറഞ്ഞു.
ഇവിടെയുള്ള ശാന്തിയും സമാധാനവും സംരക്ഷിക്കാനാകണം. സമാധാനം മെച്ചപ്പെടുത്താനാകണം. മതനിരപേക്ഷത സംരക്ഷിച്ചു നിർത്താൻ മതരാഷ്ട്രവാദികളെ അകറ്റി നിർത്തണം. രാജ്യത്ത് വല്ലാത്തൊരു ആശങ്ക, ഭയപ്പാട് നിലനിൽക്കുന്നുണ്ട്. ഓരോ ദിവസം കഴിയുമ്പോഴും ചില വിഭാഗങ്ങളിൽ, പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളിൽ ആശങ്ക ശക്തിപ്പെട്ട് വരുന്ന അവസ്ഥ നാം കാണുന്നു. അതിന് ഇടയാക്കുന്നത് നമ്മുടെ രാജ്യത്ത് കേന്ദ്ര സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ തന്നെ ഇടപെടലുകളാണ്.
രാജ്യത്തെ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാൻ നിലപാടെടുത്ത സംഘടനകളുണ്ട്. രാജ്യത്ത് മഹാഭൂരിപക്ഷം മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്. വർഗീയവാദികൾ രാജ്യ താൽപര്യത്തിന് എതിരായാണ് പ്രവർത്തിക്കുന്നത്. ഇത് നാം നേരത്തേ കണ്ടുവരുന്നതാണ്. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാൻ നാം തയ്യാറാകണം. തെറ്റിദ്ധരിപ്പിക്കപ്പെടാൻ പല മാർഗങ്ങളിലൂടെ ശ്രമിക്കുന്നു എന്നത് നാം തിരിച്ചറിയാതിരിക്കരുത്. അത് തിരിച്ചറിയാതിരിക്കുന്നത് സ്വയം ആപത്തിലേക്ക് തള്ളിവിടുന്നതിന് തുല്യം ആയിരിക്കുമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.


