വർഗീയശക്തികളോട് വിട്ടുവീഴ്ചയില്ല, ശക്തമായി നേരിടും -മുഖ്യമന്ത്രി
text_fieldsfile photo
തിരുവനന്തപുരം: വർഗീയശക്തികളോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം സംഘടനകൾ ആളുകളെ കൊന്ന് തങ്ങളുടെ ഭാഗം ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. സിൽവർ ലൈൻ വിഷയത്തിൽ എൽ.ഡി.എഫ് നടത്തിയ രാഷ്ട്രീയ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസന പദ്ധതികൾക്കെതിരെ വർഗീയ സംഘടനകൾ ആകാവുന്നതെല്ലാം ചെയ്യും. ദേശീയപാത ഭൂമിയേറ്റെടുക്കൽ തടയാൻ കല്ലേറും തീവെപ്പും നടത്തി. ഗെയിൽ പൈപ്പ് ലൈനിനെതിരെ തെരുവിൽ സമരനാടകം നടത്തി. നാടിന്‍റെ സമാധാനം തകർക്കാൻ ലക്ഷ്യമിട്ട് നടത്തിയ വാട്സ്ആപ് ഹർത്താലിന് പിന്നിലും ഇത്തരം ശക്തികളായിരുന്നു.
സിൽവർ ലൈൻ ജനങ്ങളുടെ ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുത്തുമെന്ന പ്രചാരണം ശരിയല്ല. ജനങ്ങളെ വഴിയാധാരമാക്കിയുള്ള ഒരു വികസന പ്രവർത്തനവും നടപ്പാക്കില്ല. ഭാവിക്കാവശ്യമായ പദ്ധതിക്ക് ഭൂമിയേറ്റെടുക്കുന്നതിനെതിരെ പ്രക്ഷോഭം വന്നാൽ നടപ്പാക്കാതിരിക്കലല്ല സർക്കാറിന്‍റെ ചുമതല. പുരോഗമന നടപടികളെ എതിർത്ത പാരമ്പര്യമാണ് വലതുപക്ഷ ശക്തികൾക്കുള്ളത്. സിൽവർ ലൈൻ പരിസ്ഥിതിക്ക് കോട്ടമല്ല, നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

