പരാതികളില്ല, പ്രശ്നങ്ങളും; സംഘാടനത്തിന് എ പ്ലസ്
text_fieldsതൃശൂർ: മാനുഷിക മൂല്യങ്ങളുള്ള നടപടികളും ഉത്തരവുകളും കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സംഘാടനത്തിന് എ പ്ലസ്. താമസം, ഭക്ഷണം, യാത്ര, വൃത്തി, മത്സരക്രമം എന്നിവയിലെല്ലാം ഒന്നാം സ്ഥാനം തന്നെയായിരുന്നു തൃശൂരിലെ സംഘാടനത്തിനും. ആദ്യദിനം മത്സരങ്ങൾ വൈകിയതൊഴിച്ചാൽ കാര്യമായ താളപ്പിഴകവുളോ അപശബ്ദങ്ങളോ പ്രതിഷേധങ്ങളോ ഇല്ലാതെയാണ് മേള നടന്നത്.
കലാമേളക്കൊപ്പം പുതുതലമുറയെ ലഹരിയിൽനിന്ന് മോചിപ്പിക്കാനും ഉത്തരവാദിത്ത സമൂഹമാക്കാനുള്ള ശ്രമങ്ങൾക്കും തുടക്കം കുറിച്ചു. ഒപ്പം പാരിസ്ഥിക അവബോധം വളർത്തുന്നതിന് കൃത്യമായ പദ്ധതികളും മേളയിലൊരുങ്ങി. മേള തുടങ്ങുന്നതിന് മുമ്പേ ജില്ലയിലെത്തിയ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും സംഘാടനത്തിന് നേതൃത്വം നല്‍കിയ തൃശൂർ ജില്ലക്കാരനായ റവന്യൂമന്ത്രി കെ. രാജനും ആദ്യാവസാനം രംഗത്തുണ്ടായിരുന്നു.
കലോത്സവ നഗരിയുടെ ശുചീകരണത്തിന് മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച തൊഴിലാളികളെ ഇന്നലെ രാവിലെ മന്ത്രിയുടെ നേതൃത്വത്തില്‍ ആദരിച്ചു. പലയിടത്തും പരിഗണിക്കപ്പെടാതെ പോകുന്ന ഇവര്‍ വലിയ സന്തോഷത്തിലായിരുന്നു. കുട്ടികള്‍ക്ക് താമസമൊരുക്കിയ സ്‌കൂളുകളിലെ പ്രധാന അധ്യാപകരേയും പി.ടി.എ പ്രസിഡന്റുമാരേയും ആദരിച്ചു. മേളക്ക് നേതൃത്വം നല്‍കുന്ന പൊതുവിദ്യാസ വകുപ്പിലെ അധ്യാപകരോടും ഉദ്യോഗസ്ഥരോടും നന്ദി അറിയിക്കുകയും മാധ്യമങ്ങള്‍ മികച്ച പിന്തുണ നല്‍കിയതായും മന്ത്രിമാര്‍ പറഞ്ഞു. 249 ഇനങ്ങളിലായി 13,409 വിദ്യാര്‍ഥികളാണ് അഞ്ച് ദിവസങ്ങളിലായി നടന്ന കലോത്സവത്തില്‍ മാറ്റുരച്ചത്. മന്ത്രിയെന്ന നിലയില്‍ മേളയുമായി ബന്ധപ്പെട്ട് ഒരു പരാതി പോലും തനിക്ക് ലഭിച്ചിട്ടില്ലെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
64 വർഷത്തെ ചരിത്രത്തിൽ ആദ്യമായി മേള കലോത്സവ നഗരിക്ക് പുറത്ത് നടക്കുന്നതിനും തൃശൂർ സാക്ഷിയായി. ഗുരുതരരോഗം ബാധിച്ച കാസർകോട് പടന്ന സ്വദേശിനി സിയ ഫാത്തിമ എന്ന വിദ്യാർഥിനിക്കായാണ് ഓൺലൈനിലൂടെ മത്സരം നടത്തിയത്. മരണത്തോട് പടവെട്ടുന്ന കുട്ടിയുടെ ആഗ്രഹം സാധിക്കാൻ പ്രത്യേക ഉത്തരവാണ് സർക്കാർ പുറത്തിറക്കിയത്. ഇതോടൊപ്പം കലോത്സവത്തിൽ പങ്കെടുത്ത കുട്ടിക്ക് വീട് നിർമിച്ചു നൽകാനും തീരുമാനമായി.
കൗമാര തലമുറയിൽ പ്രതീക്ഷയുണർത്തുന്ന കലാപ്രകടനങ്ങൾക്കും സാക്ഷിയായി. പ്രഫഷനൽ നാടക വേദിയെ വെല്ലുന്ന നാടകങ്ങളും മികച്ച കഥ-കവിത രചനകളും അഭിനയ- നൃത്ത മുഹൂത്തങ്ങളും സൃഷ്ടിക്കപ്പെട്ടു. ആനുകാലിക വിഷയങ്ങളോട് രാഷ്ട്രീയമായി തന്നെ പ്രതികരിക്കുന്നവരാണ് തങ്ങളെന്ന് വിദ്യാർഥി സമൂഹം കലാപ്രകടനങ്ങളിലൂടെ വിളിച്ചുപറയുന്നതിനും തൃശൂർ നഗരം സാക്ഷിയായി. എല്ലാവരും സന്തോഷത്തോടെയും മേള അവസാനിച്ചെന്ന വേദനയോടെയുമാണ് കലാനഗരിയോട് വിട ചൊല്ലിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

